News

Get the latest news here

പ്രളയ സെസ്; കേരളം ഇതുവരെ പിരിച്ചത് 1,145 കോടി രൂപ

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ ഏർപ്പെടുത്തിയ പ്രളയ സെസ് ഇനത്തിൽ സംസ്ഥാന സർക്കാർ 2020 സെപ്റ്റംബർ വരെ പിരിച്ചത് 1,144.89 കോടി രൂപ. 2019 ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് സംസ്ഥാനത്ത് പ്രളയ സെസ് പിരിച്ചു തുടങ്ങിയത്. 2021 ജൂലായ് 31 വരെ രണ്ട് വർഷക്കാലയളവിലേക്കാണ് സെസ് ഏർപ്പെടുത്തിയത്.

ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക്-സേവനങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയത്. ഇതിൽ തന്നെ സ്വർണം ഒഴികെ അഞ്ച് ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല. കൂടാതെ കോമ്പോസിഷൻ രീതി തിരഞ്ഞെടുത്ത നികുതിദായകരെയും അവശ്യ സാധന സേവനങ്ങളെയും സെസിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിൽനിന്ന് കേരളത്തെ കരകയറ്റുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. കേരള പുനർ നിർമാണത്തിന് 1,000 കോടി രൂപയോളം ഇതുവഴി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നിലവിൽ ഇതിൽ കൂടുതൽ തുക പിരിച്ചിട്ടുണ്ട്. എന്നാൽ, പുനർ നിർമാണത്തിന് 2,000 കോടി രൂപ പിരിക്കാൻ ജി.എസ്.ടി. കൗൺസിൽ സംസ്ഥാനത്തിന് അനുമതി നൽകിയിട്ടുണ്ട്. പ്രളയബാധിത മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായിരിക്കും ഈ തുക വിനിയോഗിക്കുക.

പ്രളയ സെസ് കൂടുതൽ ഡിസംബറിൽ

2019 ഡിസംബറിലാണ് പ്രളയ സെസായി ഏറ്റവും കൂടുതൽ തുക പിരിച്ചത്, 106.35 കോടി രൂപ. സെസ് ഏർപ്പെടുത്തിയ 2019 ഓഗസ്റ്റിൽ 100.50 കോടി രൂപയായിരുന്നു വരുമാനം. 2019 സെപ്റ്റംബറിൽ 105.7 കോടി രേഖപ്പെടുത്തി.

ലോക്ഡൗണിൽ സെസ് വരുമാനം കുറഞ്ഞു. 2020 ഏപ്രിലിൽ 24.49 കോടി രൂപ മാത്രമാണ് പ്രളയ സെസ് ഇനത്തിൽ സർക്കാരിലേക്ക് എത്തിയത്. 2020 മാർച്ച് മുതൽ സെപ്റ്റംബർ വരെയും വരുമാനം 100 കോടി രൂപയിൽ താഴെയായിരുന്നു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.