News

Get the latest news here

ഒരു വർഷത്തിനുശേഷം റബ്ബറിന് 150 രൂപ

കോട്ടയം: ഒരു വർഷത്തിനുശേഷം റബ്ബർവില വീണ്ടും കിലോഗ്രാമിന് 150 രൂപയിലെത്തി. 2019 ജൂണിലാണ് ഇതിന് മുമ്പ് ഇൗ വില ലഭിച്ചത്. ആർ.എസ്.എസ്-4 ഇനത്തിന് ഈ വില കിട്ടിയത് കൃഷിക്കാർക്കും വ്യാപാരികൾക്കും ആശ്വാസം പകരുന്നു. തുടർച്ചയായ മഴയും കോവിഡ് നിയന്ത്രണങ്ങളുംമൂലം വിപണിയിൽ വേണ്ടത്ര റബ്ബർ വിൽപ്പനയ്ക്കെത്തുന്നില്ല.

വെള്ളിയാഴ്ച, ചെറുകിടവ്യാപാരികളിൽനിന്ന് വൻകിടവ്യാപാരികൾ ഈ വിലയ്ക്കാണ് റബ്ബർ വാങ്ങിയത്. അടുത്തദിവസങ്ങളിൽ കർഷകർക്കും ഈ വില കിട്ടുമെന്നാണ് പറയുന്നത്.

ബാങ്കോക്ക് വിപണിയിൽ ഇൗ വാരമാദ്യംതന്നെ 156 രൂപ രേഖപ്പെടുത്തിയിരുന്നു. ഒക്ടോബറിൽമാത്രം 14 രൂപയുടെ വർധനയുണ്ടായി. ഇതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടായി. ഒക്ടോബർ 20-ന് റബ്ബർവില 140 രൂപയായിരുന്നു. മൂന്നുദിവസം കൊണ്ടാണ് 150-ലെത്തിയത്.

തായ്ലൻഡിലും വിയറ്റ്നാമിലും കനത്തമഴ കാരണം ഉത്പാദനം കുറഞ്ഞതാണ് ഒരു കാരണം. കോവിഡ് കാലത്തിന് ശേഷം ഇളവുകൾ വന്നതോടെ ചൈനയിൽ ഒാട്ടോമൊബൈൽ രംഗം കരുത്തുനേടുന്നതും ഉണർവിന് കാരണമായി.

അതേസമയം, ഇന്ത്യൻ ടയർ കമ്പനികൾ എത്രത്തോളം പ്രാദേശിക ചരക്ക് എടുക്കുമെന്നത് ഇനിയുള്ള ദിവസങ്ങളിൽ പ്രധാനമാണ്. വിപണി അവർ നിരീക്ഷിക്കുകയാണ്. ചില കമ്പനികൾക്ക് ഇറക്കുമതി ചെയ്ത റബ്ബർ സ്റ്റോക്ക് ഉണ്ട്.

150 രൂപയെന്നത് സർക്കാർ റബ്ബറിന് നിശ്ചയിച്ച അടിസ്ഥാനവിലയാണ്. ആശ്വാസപാക്കേജിൽ കൃഷിക്കാർക്ക് പണം നൽകുന്നത് ഇൗ വിലയെ ആധാരമാക്കിയാണ്. അങ്ങാടി വില, 150 രൂപയിൽ താഴെയെങ്കിൽ ആ വ്യത്യാസമാണ് കൃഷിക്കാർക്ക് വിലസ്ഥിരതാഫണ്ടിൽനിന്ന് അനുവദിക്കുന്നത്.

ഇനിയും മെച്ചമാകും

റബ്ബറിന്റെ ഉപയോഗം വർധിച്ചിട്ടുണ്ട്. 2019 സെപ്റ്റംബറിൽ 85,000 ടണ്ണാണ് ഇന്ത്യയിലെ ഉപഭോഗം. ഇൗ സെപ്റ്റംബറിൽ അത് 1.03 ലക്ഷമായി. ആവശ്യകത കൂടുന്നതിന് അനുസൃതമായി വിലയിൽ മെച്ചം വരും. ചൈനയിൽ ഒാട്ടോമൊബൈൽ വ്യവസായം ശക്തമായതും ചലനമുണ്ടാക്കുന്നു. ഇനിയും വില മെച്ചമാകാനുള്ള സാധ്യതയുണ്ട്. ഉത്പാദനച്ചെലവ് കുറച്ചും കൃഷിക്കാർക്ക് മെച്ചമുണ്ടാക്കാം.

- ഡോ.കെ.എൻ.രാഘവൻ, എക്സിക്യുട്ടീവ് ഡയറക്ടർ, റബ്ബർ ബോർഡ്.

ആശ്വാസകരം

വില 150 രൂപയിലെത്തിയത് ആശ്വാസകരമാണ്. കർഷകർക്ക് ഗുണംചെയ്യും. ആഭ്യന്തര ഉപയോഗത്തിനുള്ള റബ്ബർ തദ്ദേശീയമായി വാങ്ങണമെന്നാണ് കൃഷിക്കാരുടെയും വ്യാപാരികളുടെയും ആവശ്യം. ഇറക്കുമതി നിയന്ത്രിക്കണം.

- ബിജു പി.തോമസ്, ജനറൽ സെക്രട്ടറി, റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ.

Content Highlights:150 for rubber after one year
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.