News

Get the latest news here

കരുത്തരായ മുംബൈ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

മഡ്ഗാവ്:ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. കരുത്തരായ മുംബൈ എഫ്.സിയെയാണ് നോർത്ത് ഈസ്റ്റ് തറപറ്റിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റിന്റെ വിജയം. പെനാൽട്ടിയിലൂടെ ക്വേസി അപിയയാണ് ടീമിന്റെ വിജയ ഗോൾ നേടിയത്.

മികച്ച കളി പുറത്തെടുത്തിട്ടും മുംബൈയ്ക്ക് ഒരു ഗോൾ തിരിച്ചടിക്കാനായില്ല. കളിയുടെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും മുംബൈയ്ക്ക് നോർത്ത് ഈസ്റ്റ് പ്രതിരോധം പൊളിക്കാനായില്ല. നോർത്ത് ഈസ്റ്റ് ബോക്സിൽ നിരന്തരം ആക്രമണം അഴിച്ചു വിട്ടിട്ടും മുംബൈ മുന്നേറ്റനിരയ്ക്ക് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. നോർത്ത ഈസ്റ്റിന്റെ ഖാസ കമാറ് ഇന്നത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.

മത്സരം ആരംഭിച്ചപ്പോൾ തൊട്ട് മുംബൈയാണ് ആധിപത്യം സ്ഥാപിച്ചത്. എട്ടാം മിനിട്ടിൽ തന്നെ ബോക്സിനുള്ളിൽ മികച്ച അവസരം മുംബൈയ്ക്ക് ലഭിച്ചു. പിന്നാലെ ഒരു കോർണറും ലഭിച്ചു. പക്ഷേ ഇതുരണ്ടും മുംബൈയ്ക്ക് മുതലാക്കാനായില്ല. നോർത്ത് ഈസ്റ്റ് പ്രതിരോധനിര ആദ്യ മിനിട്ടുകളിൽ തന്നെ ഫോമിലേക്കുയർന്നു.


.@kwes1appiah is 🆙 and 🏃 in the #HeroISL

Watch the match LIVE on @DisneyplusHSVIP - https://t.co/MOwUv4CVMl and @OfficialJioTV.

For live updates 👉 https://t.co/oObQS3k7Xp#ISLMoments #LetsFootball https://t.co/ltpDXpUuuM pic.twitter.com/qx0NVnYzRA
— Indian Super League (@IndSuperLeague) November 21, 2020



മുംബൈയുടെ അഹമ്മദ് ജാഹു രണ്ട് ലോങ് റേഞ്ചറുകൾ എടുത്തെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 23-ാം മിനിട്ടിൽ മുംബൈയുടെ റെയ്നിയർ ഫെർണാണ്ടസിന് പരിക്കേറ്റു. ഇതേത്തുടർന്ന് കളംവിട്ട താരത്തിന് പകരം ഫാറൂഖ് ചൗധരി മത്സരത്തിലെ ആദ്യ പകരക്കാരനായി കളത്തിലിറങ്ങി.

ഒഗ്ബെച്ചെയെ ഫൗൾ ചെയ്തതിന് 35-ാം മിനിട്ടിൽ മുംബൈയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. അഹമ്മദ് ജാഹു അത് നന്നായി എടുത്തെങ്കിലും ബോൾ പോസ്റ്റിന് മുകളിലൂടെ പറന്നു. പിന്നാലെ നോർത്ത് ഈസ്റ്റിന്റെ സാർഥക് മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡ് വഴങ്ങി.

43-ാം മിനിട്ടിൽ ഈ സീസണിലെ ആദ്യ റെഡ് കാർഡ് പിറന്നു. നോർത്ത് ഈസ്റ്റിന്റെ കമാറയെ വീഴ്ത്തിയതിന് മുംബൈയുടെ അഹമ്മദ് ജാഹുവാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. അപകടകരമായ ഫൗളായിരുന്നു അത്. ഇതോടെ ആദ്യ പകുതിയിൽ തന്നെ മുംബൈ പത്തുപേരായി ചുരുങ്ങി.ആദ്യ പകുതിയിൽ ഇരുടീമുകളും ​ഗോൾ രഹിത സമനില വഴങ്ങി

എന്നാൽ രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ഉണർന്നു കളിച്ചു. അതിന്റെ ഫലം 47-ാം മിനിട്ടിൽ ലഭിച്ചു. ബോക്സിനകത്തുവെച്ച് മുംബൈയുടെ റൗളിങ്ങിന്റെ കൈയ്യിൽ പന്തുതട്ടിയതോടെ നോർത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. മുന്നേറ്റതാരം അപിയ മുംബൈ ഗോളി അമരീന്ദറിനെ കബിളിപ്പിച്ച് അനായാസേന പന്ത് വലയിലെത്തിച്ച് നോർത്ത് ഈസ്റ്റിന് ഒരു ഗോൾ ലീഡ് നൽകി.

ഗോൾ വഴങ്ങിയതോടെ മുംബൈയും ആക്രമിച്ചു കളിച്ചു. 65-ാം മിനിട്ടിൽ മുംബൈയുടെ ഗൊളൂയിയുടെ ഒരു കിടിലൻ ഹെഡർ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. മികച്ച കളി പുറത്തെടുത്തിട്ടും ഗോൾ നേടാൻ മുംബൈയ്ക്ക് സാധിച്ചില്ല. ഗോൾമുഖത്ത് നിരന്തരമെത്തുന്നുണ്ടെങ്കിലും അത് ഗോളിലേക്ക് മാറ്റാൻ മുന്നേറ്റ താരങ്ങൾക്ക് സാധിച്ചില്ല. 90-ാം മിനിറ്റിൽ റൗളിങ് ഒരു കിടിലൻ ലോങ് റേഞ്ചർ എടുത്തെങ്കിലും അത് ഗോൾ നോർത്ത് ഈസ്റ്റ് പോസ്റ്റിന് മുകളിലൂടെ പറന്നുപോയി.

കഴിഞ്ഞ സീസണിൽ മുംബൈയ്ക്കെതിരെ ഒരു വിജയം പോലും നേടാത്ത നോർത്ത് ഈസ്റ്റിന് ഏറെ ആത്മവിശ്വാസം പകരുന്ന ഒന്നാണ് ഇന്നത്തെ വിജയം. നോർത്ത് ഈസ്റ്റിന്റെ പ്രതിരോധ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...



Content Highlights: NorthEast United FC will take on Mumbai City FC in ISL
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.