News

Get the latest news here

പിന്നില്‍ നിന്നും തിരിച്ചടിച്ച് എഫ്.സി ഗോവ; ബെംഗളൂരു എഫ്.സിക്കെതിരേ സമനില

ഫത്തോർഡ: ഐ.എസ്.എല്ലിൽ എഫ്.സി ഗോവ - ബെംഗളൂരു എഫ്.സി മത്സരം സമനിലയിൽ. 66-ാം മിനിറ്റു വരെ രണ്ടു ഗോളിന് പിന്നിൽ നിന്ന ഗോവ ഇഗോർ അംഗുളോയുടെ ഇരട്ട ഗോളിൽ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. മൂന്നു മിനിറ്റിനിടെയാണ് ഗോവ രണ്ടു ഗോളുകൾ തിരിച്ചടിച്ചത്.

കളിയിലുടനീളം ആധിപത്യം പുലർത്തിയത് ഗോവയായിരുന്നു. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ബെംഗളൂരുവിനെ മറികടക്കുന്ന പ്രകടനമായിരുന്നു ഗോവയുടേത്. 27-ാം മിനിറ്റിൽ ഹെഡറിലൂടെ ക്ലെയ്റ്റൺ സിൽവയാണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഹർമൻജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയർ ചെയ്യുന്നതിൽ ഗോവ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ ബോക്സിലേക്ക് നീണ്ട പന്ത് ആരും മാർക്ക് ചെയ്യാതിരുന്ന സിൽവ അനായാസം വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ 70 ശതമാനത്തോളം പന്ത് കൈവശം വെച്ചിട്ടും ഗോവയ്ക്ക് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ഇതിനിടെ 44-ാം മിനിറ്റിൽ ലീഡുയർത്താനുള്ള അവസരം സൂപ്പർ താരം സുനിൽ ഛേത്രി നഷ്ടപ്പെടുത്തി.

57-ാം മിനിറ്റിൽ യുവാൻ അന്റോണിയോ ഗോൺസാലസാണ് ബെംഗളൂരുവിന്റെ രണ്ടാം ഗോൾ നേടിയത്. ദെഷോൺ ബ്രൗൺ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് എറിക് പാർത്താലു ഹെഡ് ചെയ്ത് യുവാന് മറിച്ച് നൽകുകയായിരുന്നു. ഉഗ്രനൊരു വോളിയിലൂടെ യുവാൻ പന്ത് വലയിലെത്തിച്ചു. ബെംഗളൂരു 2-1ന് മുന്നിൽ.

എന്നിൽ അവിടെ നിന്ന് ഉണർന്നു കളിക്കുന്ന ഗോവയെയാണ് ഫത്തോർഡ സ്റ്റേഡിയം കണ്ടത്. 65-ാം മിനിറ്റിൽ റോഡ്രിഗസിന് പകരം ഐബാനെയും ജെയിംസ് ഡൊണാച്ചിക്ക് പകരം നൊഗ്വേരയേയും കളത്തിലിറക്കിയ ഫെറാൻഡോയുടെ നീക്കം ഫലം കണ്ടു. പകരക്കാരെ ഇറക്കി തൊട്ടടുത്ത മിനിറ്റിൽ (66) തന്നെ ഇഗോർ അംഗുളോയിലൂടെ ഗോവ ഒരു ഗോൾ മടക്കി. ബ്രാൻഡന്റെ ത്രൂ ബോൾ സ്വീകരിച്ച നൊഗ്വേരയുടെ പാസിൽ നിന്നായിരുന്നു ഗോൾ.

വൈകാതെ 69-ാം മിനിറ്റിൽ അംഗുളോ തന്നെ രണ്ടാം ഗോളിലൂടെ ഗോവയെ ഒപ്പമെത്തിച്ചു. ഇതിനും തുടക്കമിട്ടത് ബ്രാൻഡനാിരുന്നു. ബ്രാൻഡന്റെ പാസ് സ്വീകരിച്ച റൊമാരിയോ ബോക്സിലേക്ക് നൽകിയ ക്രോസ് നെഞ്ച് കൊണ്ട് അംഗുളോ വലയിലെത്തിക്കുകയായിരുന്നു. അഞ്ച് മഞ്ഞക്കാർഡുകളാണ് മത്സരത്തിൽ ഉടനീളം റഫറി പുറത്തെടുത്തത്.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...





Content Highlights: ISL 2020-21 FC Goa vs Bengaluru FC
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.