News

Get the latest news here

മക്രോണിനെതിരെ പാക് മന്ത്രി നടത്തിയ പരാമര്‍ശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സ്

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെതിരെ പാകിസ്താനിലെ മന്ത്രി ഷിറീൻ മസാരി നടത്തിയ പരാമർശം തിരുത്തണമെന്ന് പാക് അധികൃതരോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഫ്രാൻസ്. പാക് മന്ത്രിയുടെ പരാമർശം ഞെട്ടിച്ചുവെന്നും നിന്ദ്യമായ വാക്കുകളും നിർലജ്ജമായ കാപട്യവും വെറുപ്പിന്റെയും അക്രമത്തിന്റെയും തത്വശാസ്ത്രം ഉൾക്കൊള്ളുന്നതുമാണ് പാക് മന്ത്രിയുടെ വാക്കുകളെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നിരുത്തരവാദപരവും മാനക്കേടുമാണെന്നും അതിനെ തള്ളിക്കളയുന്നുവെന്നും ഫ്രാൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രസ്താവന തിരുത്താൻ തയ്യാറാകണമെന്നും പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ചർച്ചയിലേക്ക് വരണമെന്നും പാരീസിലെ പാക് സ്ഥാനപതിയോട് ഫ്രാൻസ് ആവശ്യപ്പെട്ടു.

മക്രോണിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്ത ഷെയർ ചെയ്തുകൊണ്ടാണ് പാക് മന്ത്രി അദ്ദേഹത്തിനെതിരായ പരാമർശം നടത്തിയത്. നാസികൾ ജൂതന്മാരോട് പെരുമാറിയതുപോലെയാണ് മക്രോൺ മുസ്ലിം വിഭാഗക്കാരോട് പെരുമാറുന്നതെന്ന് അവർ ആരോപിച്ചിരുന്നു. ട്വീറ്റ് പിന്നീട് നീക്കംചെയ്തു. അതിനിടെ ട്വീറ്റ് പാകിസ്താനിലെ ഫ്രഞ്ച് എംബസി റീട്വീറ്റ് ചെയ്യുകയും അത് വ്യാജ വാർത്തയും തെറ്റായ ആരോപണവുമാണെന്ന് പറയുകയും ചെയ്തിരുന്നു.

Content Highlights:France demands Pakistan rectifies Macron Nazi jibe




Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.