News

Get the latest news here

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍; ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെരാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന കർഷകരുടെ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമർ. ഡിസംബർ മൂന്നിനാണ് കേന്ദ്രമന്ത്രി കർഷകരുമായി ചർച്ച നടത്തുക.

പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ളതാണ്. രാജ്യത്തെമ്പാടടുമുള്ള കർഷകരുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും വരുമാനം ഇരട്ടിയാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കർഷകരുമായി ചർച്ച നടത്താൻ കേന്ദ്രസർക്കാർ നേരത്തെ തയ്യാറായിരുന്നുവെങ്കിൽ ഇപ്പോഴുള്ള സാഹചര്യം ഉണ്ടാവില്ലായിരുന്നുവെന്ന് ശിരോമണി അകാലിദൾ ജനറൽ സെക്രട്ടറി പ്രേം ചന്ദുമാജ്ര പ്രതികരിച്ചു. കുറഞ്ഞ താങ്ങുവില അടിസ്ഥാന അവകാശമാക്കണമെന്നുംപുതിയ കാർഷിക നിയമം റദ്ദാക്കണമെന്നാണ് കർഷകുടെ ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് പ്രതിഷേധവുമായെത്തിയ ആയിരക്കണക്കിന് കർഷകരെ പോലീസ് ഹരിയാണഅതിർത്തിയിൽ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സമരം തടയാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ തകർത്തു. ഇത് കർഷകരും പോലീസും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഉത്തരവ് പ്രകാരമാണ് പഞ്ചാബുമായുളള അതിർത്തി ഹരിയാണ അടച്ചിട്ടത്. ബാരിക്കേഡുകൾ, ജലപീരങ്കികൾ തുടങ്ങി സർവസന്നാഹങ്ങളും കർഷക റാലി തടയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. കർഷക റാലിയുടെ പശ്ചാത്തലത്തിൽ ഹരിയാണ രണ്ടുദിവസത്തേക്ക് പഞ്ചാബിലേക്കുളള ബസ് സർവീസും നിർത്തിവെച്ചു.

പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുളള കർഷകരാണ് ഇന്നും നാളെയുമായി ഡൽഹിയിലേക്ക് മാർച്ച് നത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർഷക റാലിക്ക് ഡൽഹി സർക്കാർ അനുമതി നൽകിയിട്ടില്ല. മാർച്ചിന്റെ പശ്ചാത്തലത്തിൽ ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങി ഡൽഹി അതിർത്തികളിൽ വൻ സുരക്ഷാസന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Content Highlights:Union Agriculture Minister invites protesting farmers for talks on Dec 3
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.