News

Get the latest news here

മാറഡോണയുടെ സംസ്‌കാരം കാസ റൊസാഡയില്‍; ഇതിഹാസ താരത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ ജനപ്രവാഹം

ബ്യൂണസ് ഐറിസ്: കഴിഞ്ഞ ദിവസം അന്തരിച്ച അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ സംസ്കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടരത്തിൽ നടക്കും. അർജന്റീന പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ.

എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി വ്യാഴാഴ്ച അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് അർജന്റീന സർക്കാർ അറിയിച്ചു. മാറഡോണയുടെ മരണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ബുധനാഴ്ച ടിഗ്രെയിലെ സ്വവസതിയിൽ പ്രാദേശിക സമയം രാവിലെ 11.30-ഓടെയായിരുന്നു ഫുട്ബോൾ ഇതിഹാസത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. നവംബർ ആദ്യവാരം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനു ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.

സാൻ ഫെറാൻഡോ ആശുപത്രിയിൽ വൈകീട്ട് 7.30 മുതൽ 10 മണിവരെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ. തുടർന്ന് 11 മണിയോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം പൊതുദർശനത്തിനായി കാസ റൊസാഡയിലേക്ക് മാറ്റി. വഴിയിലുടനീളം നിരവധിയാളുകളാണ് മാറഡോണയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസിന് ചുറ്റുംകൂടിയത്. ഇതിനാൽ തന്നെ രാത്രി 1.30-ഓടെയാണ് മാറഡോണയുടെ മൃതദേഹം പൊതുദർശനത്തിനായി സർക്കാർ വസതിയിൽ എത്തിക്കാനായത്.

ഫുട്ബോൾ ഇതിഹാസത്തെ അവസാനമായി ഒരുനോക്ക് കാണാൻ സർക്കാർ വസതിയിലേക്ക് ജനപ്രവാഹമാണ്.

Content Highlights: State funeral for Diego Maradona at the presidential palace Casa Rosada
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.