News

Get the latest news here

കോവിഡ് രോഗിയുടെ മരണം; കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്താനായില്ലെന്ന് പോലീസ്

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് രോഗിയുടെ മരണത്തിൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ട്. കളമശ്ശേരി മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ അനാസ്ഥമൂലം കോവിഡ് രോഗികൾ മരിച്ചു എന്ന് ആരോപിക്കുന്ന മൂന്ന് പരാതികളിലാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായത്.

സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് കണ്ടെത്താൻ ആയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി. ഇക്കാര്യം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ ബന്ധുക്കളെ പോലീസ് രേഖാമൂലം അറിയിക്കുകയും ചെയ്തു.

നിയമനടപടി എടുക്കത്തക്ക കുറ്റം ഹാരിസിനെ ചികിത്സിച്ച ആശുപത്രി ജീവനക്കാരുടെയോ അധികൃതരുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. അതേസമയം പോലീസിന്റെ നടപടിക്കെതിരെ ഹാരിസിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തി. റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചതിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി.

നേരത്തെ മെഡിക്കൽ കോളേജിൽ കോവിഡ് രോഗി മരിച്ചതുമായി ബന്ധപ്പെട്ട് നഴ്സിങ് ഓഫീസർ ജലജാദേവിയുടെ വാട്ട്സ് ആപ്പ് സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം വിവാദമായത്. തുടർന്ന് നിരവധി പേർ മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി രംഗത്തെത്തി. ഇവരുടേത് ഉൾപ്പെടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിരുന്നു.

ഡോക്ടർമാരുടെയും ആ സമയത്ത് ചികിത്സയിലുണ്ടായിരുന്നവരുടെയും മൊഴിയിൽ ചികിത്സാപിഴവ് ഉള്ളതായി പറയുന്നില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നേരത്തെ, കോവിഡ് ചികിത്സയിൽ പിഴവ് ഉണ്ടായിട്ടില്ലെന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് വ്യക്തമാക്കുകയും സൂപ്രണ്ടിന്റെ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തള്ളുകയാണുണ്ടായത്.

content highlights: police submitts report on covid patients death in kalamasery medical college
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.