News

Get the latest news here

'തുരങ്കം കണ്ടെത്താനായി ഇന്ത്യന്‍ സേന പാക് അതിര്‍ത്തിക്കുള്ളില്‍ 200 മീറ്ററോളം സഞ്ചരിച്ചു'

കശ്മീർ: ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി ഉപയോഗിക്കുന്ന തുരങ്കം കണ്ടെത്താനായി ഇന്ത്യൻ സേന അതിർത്തി കടന്ന് പാക് പ്രദേശത്തുകൂടി200 മീറ്ററോളം സഞ്ചരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നാല് ജെയ്ഷേ ഭീകരർ നുഴഞ്ഞു കയറാൻ ഉപയോഗിച്ചതായി സംശയിക്കുന്ന 150 മീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം നവംബർ 22 ന് സാംബ ജില്ലയിയിൽ അതിർത്തിക്ക് സമീപം ബിഎസ്എഫ് കണ്ടെത്തിയിരുന്നു. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നഗ്രോടയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് തുരങ്കം കണ്ടെത്തിയത്.

ഇന്ത്യൻ സൈന്യം വധിച്ച ഭീകരർ ഉപയോഗിച്ച തുരങ്കത്തിന്റെ തുടക്കം കണ്ടെത്താനായി ഇന്ത്യൻസേന പാക് പ്രദേശത്ത് 200 മീറ്ററോളം ഉള്ളിലേക്ക് പ്രവേശിച്ചതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സാംബയിൽ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണിത്. നേരത്തെ ഓഗസ്റ്റിൽ ഗലാർ പ്രദേശത്തും തുരങ്കം കണ്ടെത്തിയിരുന്നു.

ജമ്മു കശ്മീർ പോലീസും ബിഎസ്എഫും നടത്തിയ സംയുക്ത തിരച്ചിലിനൊടുവിലാണ് തുരങ്കം കണ്ടെത്തിയത്. നേരത്തെ, ആക്രമണം നടത്താനുള്ള പദ്ധതിയുമായി പാകിസ്താനിൽനിന്ന് എത്തിയ നാല് ജെയ്ഷെ മുഹമ്മദ് ഭീകരെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ട്രക്കിൽ സഞ്ചരിച്ച ഭീകരവാദികളെ ജമ്മു - ശ്രീനഗർ ദേശീയപാതയിൽ നഗ്രോടയ്ക്ക് സമീപമുള്ള ടോൾ പ്ലാസക്ക് സമീപത്തുവച്ച് സുരക്ഷാസൈന്യം വധിക്കുകയായിരുന്നു.

സാംബസെക്ടറിലെ തുരങ്കം വഴിയാണ് നാല് ജെയ്ഷെ ഭീകരരും ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം ലഭിച്ചതെന്ന് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് കശ്മീർ പോലീസിന്റെ സഹായത്തോടെ ബിഎസ്എഫ് വ്യാപക തിരച്ചിൽ നടത്തിയത്. അതേത്തുടർന്ന് സാംബ ജില്ലയിലെ റീഗൽ ഗ്രാമത്തിന് സമീപം തുരങ്കം കണ്ടെത്തിയത്.

Content Highlights: Indian security forces went 200 metres inside Pakistan to unearth tunnel in Samba
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.