News

Get the latest news here

ചെന്നിത്തലയ്ക്കും ഷാജിക്കും എതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. കെ.എം. ഷാജിക്കെതിരായ അന്വേഷണത്തിനും അനുമതി നൽകിയിട്ടുണ്ട്.

രഹസ്യ പരിശോധനയ്ക്ക് ശേഷം കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് വിജിലൻസ് സർക്കാരിനോട് വ്യക്തമാക്കിയിരുന്നു. തുടർന്ന് സർക്കാർ സ്പീക്കറുടെ അനുമതി തേടിയിരുന്നു. ഇതിലാണ് ഇപ്പോൾ സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ലീഗ് എംഎൽഎ കെ.എം. ഷാജിക്കെതിരായ അന്വേഷണത്തിനും സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്. ഷാജിക്കെതിരെ അന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതി അനുമതി നൽകിയിരുന്നു. ഇതിലാണ് ഇന്ന് സ്പീക്കർ തീരുമാനമെടുത്തത്.

പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴല്ല ചെന്നിത്തലയ്ക്കെതിരായ ആരോപിക്കപ്പെടുന്ന കാര്യം നടക്കുന്നതെന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കറുടെ അനുമതി മതിയെന്നുമായിരുന്നു സർക്കാരിന് ലഭിച്ച നിയമോപദേശം.

മറ്റു രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരായ അന്വേഷണത്തിന് സ്പീക്കറുടെ തീരുമാനം വരാനുണ്ട്. വി. ഡി സതീശൻ എംഎൽഎയ്ക്കും ആലുവ എംഎൽഎ അൻവർ സാദത്തിനെതിരെയുമുള്ള അന്വേഷണങ്ങളാണ് ഇവ.

പുനർജനി പദ്ധതിക്കുവേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നതാണ് പരാതി. ഇതിൽ അന്വേഷണത്തിന് അനുമതി വേണമെങ്കിൽ കൂടുതൽ വിശദാംശങ്ങൾ വേണം എന്നതാണ് സ്പീക്കറുടെ നിലപാട്. നാലു കോടിയുടെ പാലം പണിതീർക്കാൻ പത്തു കോടി ചെലവായി എന്ന ആരോപണമാണ് അൻവർ സാദത്ത് നേരിടുന്നത്. ഇതിലും കൂടുതൽ വിശദാംശങ്ങൾ വേണമെന്നാണ് സ്പീക്കറുടെ നിലപാട്.

Content Highlights:Speaker approves vigilance probe against Ramesh Chennithala and K M Shaji
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.