News

Get the latest news here

ശിവശങ്കർ നാലുതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു



കൊച്ചി: എൻഫോഴ്സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇ.ഡി.) ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിൽ. സ്വപ്ന നവംബർ 10-ന് ഇ.ഡി.ക്ക്‌ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കർ മൂന്നുനാലുതവണ വിളിച്ചിട്ടുണ്ട്. നയതന്ത്ര ബാഗുകൾ കടത്തിവിടുന്നതിന് ശിവശങ്കർ ഇടപെട്ടിട്ടുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസിന്റെ അസെസ്‌മെന്റ് യൂണിറ്റിലെ ഒരു ഓഫീസറെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. യു.എ.ഇ. കോൺസുലേറ്റിന്റെ മേൽവിലാസത്തിൽ വരുന്ന കാർഗോകൾ പൂർണമായും തുറന്ന് പരിശോധിക്കണമെന്ന് 2019 ഏപ്രിലിൽ നിർദേശം നൽകിയിരുന്നതായാണ് അവർ മൊഴിനൽകിയത്.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കൊച്ചിൻ കസ്റ്റംസ് ഫോറിൻ സ്റ്റേഷനിലെ അപ്രൈസറെ വിളിച്ചുവരുത്തി മൊഴിയെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വകുപ്പ് 50 പ്രകാരമായിരുന്നു ഈ ഉദ്യോഗസ്ഥയുടെ മൊഴി എടുത്തത്. യു.എ.ഇ. കോൺസുലേറ്റിലേക്ക് വന്ന കാർഗോ തുറന്നുപരിശോധിക്കാതെ വിട്ടുനൽകിയതായാണ് അവർ മൊഴി നൽകിയത്. ഇക്കാര്യത്തിൽ ഇ.ഡി.യുടെ അന്വേഷണം തുടരുകയാണ്. ക്ലിയറിങ് ഏജന്റിനെയും വിളിച്ചുവരുത്തിയിരുന്നെന്നും ഇ.ഡി.യുടെ റിപ്പോർട്ടിലുണ്ട്. ക്ലിയറിങ് ഏജന്റിനെക്കുറിച്ച് വാട്‌സാപ്പ് സന്ദേശത്തിലും പറയുന്നുണ്ട്.ശിവശങ്കർ തന്റെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തതിന് തെളിവാണിത്. ശിവശങ്കറിന്റെ ഇത്തരത്തിലുള്ള ഇടപെടലുകൾ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമാണ് ഉള്ളതെന്ന സന്ദേശമാണ് നൽകിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയെങ്കിലും നയതന്ത്ര കാർഗോകൾ പരിശോധനയില്ലാതെ കടത്തിവിടുന്നതിന് ഇത് സഹായകരമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.