News

Get the latest news here

വി.ഡി. സതീശനും അൻവർ സാദത്തിനുമെതിരേ വിജിലൻസ് അന്വേഷണത്തിന് അനുമതിയില്ല

തിരുവനന്തപുരം: യു.ഡി.എഫ്. എം.എൽ.എ.മാരായ വി.ഡി. സതീശനും അൻവർ സാദത്തിനുമെതിരേ അന്വേഷണത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിജിലൻസിന് അനുമതി നൽകിയില്ല. അന്വേഷണത്തിന് പര്യാപ്തമായ തെളിവുകൾ പരാതിക്കാർക്ക് ഹാജരാക്കാനായിട്ടില്ലെന്ന് വിലയിരുത്തിയാണ് അനുമതി അപേക്ഷ മടക്കിയത്. കൂടുതൽ തെളിവുകൾ ഹാജരാക്കിയാൽ വീണ്ടും പരിശോധിക്കാമെന്ന് സ്പീക്കർ ആഭ്യന്തരവകുപ്പിനെ അറിയിച്ചു.

വി.ഡി. സതീശൻ പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിക്ക് ചട്ടങ്ങൾ മറികടന്ന് വിദേശസഹായം കൈപ്പറ്റിയെന്നായിരുന്നു പരാതി. നേരത്തേ നൽകിയ പരാതി ആഭ്യന്തരവകുപ്പുതന്നെ തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ കേസും അന്വേഷണവും പ്രധാനവിഷയമായി ഉയർന്നുതുടങ്ങിയപ്പോഴാണ് നേരത്തേയുള്ള അതേ പരാതിക്കാരൻ വിജലൻസിന് വീണ്ടും പരാതിനൽകിയത്. ഇതിലാണ് അന്വേഷണം നടത്താൻ വിജിലൻസ് സ്പീക്കറുടെ അനുമതിതേടിയത്. ചട്ടംലംഘിച്ച് വിദേശപണം വാങ്ങിയെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും പരാതിക്കാരന് ഹാജരാക്കാനായിട്ടില്ലെന്ന് സ്പീക്കർ വിലയിരുത്തി.

ആലുവയിൽ പാലം നിർമാണം വകയിരുത്തിയ തുകയേക്കാളും വർധിപ്പിച്ചാണ് പൂർത്തിയാക്കിയതെന്നായിരുന്നു അൻവർ സാദത്തിനെതിരേയുള്ള പരാതി. ചെലവ് അധികം വന്നത് എം.എൽ.എ.യുടെ ഇടപെടലിന്റെ ഫലമായിട്ടാണെന്നായിരുന്നു ആരോപണം. എന്നാൽ, പാലം നിർമാണത്തിന്റെ എസ്റ്റിമേറ്റ് പുതുക്കിയതാണെന്ന് സ്പീക്കർ വിലയിരുത്തി. മാത്രവുമല്ല, ചെലവുകൂടാൻ എം.എൽ.എ.യുടെ പങ്കാളിത്തം എന്താണെന്ന് വ്യക്തമാക്കാനും പരാതിക്കാരന് കഴിഞ്ഞിട്ടില്ല.

പുനർജനി പദ്ധതിക്ക് വിദേശസഹായം വാങ്ങിയതിനെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. വിജിലൻസിന് പരാതി നൽകിയ അതേ പരാതിക്കാരനാണ് ഹൈക്കോടതിയെയും സമീപിച്ചത്. ഇത് കോടതി തള്ളി.

Content Highlights: Speaker Sreeramakrishnan
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.