News

Get the latest news here

എം.ഡി.എച്ച്. മസാല കമ്പനി ഉടമ ധരംപാല്‍ ഗുലാട്ടി അന്തരിച്ചു

ന്യൂഡൽഹി: എം.ഡി.എച്ച്.(മഹാശിയ ദി ഹട്ടി) മസാല കമ്പനി ഉടമ ധരംപാൽ ഗുലാട്ടി(98) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആയിരുന്നു മരണം. ഡൽഹിയിലെ മാത ചനാൻ ദേവി ആശുപത്രിയിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1923ൽ പാകിസ്താനിലെ സിയാൽകോട്ടിലാണ് ഗുലാട്ടിയുടെ ജനനം. പിതാവിനെ മസാല വ്യാപാരത്തിൽ സഹായിച്ചു കൊണ്ടാണ് തൊഴിൽജീവിതം ആരംഭിച്ചത്. വിഭജനത്തിനു ശേഷം ഇന്ത്യയിലെത്തിയ ഗുലാട്ടി, ഡൽഹിയിലെ കരോൾ ബാഗിൽ കട തുടങ്ങി.

കരോൾബാഗിലെ ആ കടയിൽനിന്നാണ് ഇന്ത്യയിലെ അറിയപ്പെടുന്ന മസാല ബ്രാൻഡായി എം.ഡി.എച്ച്. വളരുന്നത്. അഞ്ചാംക്ലാസിൽ തോറ്റ് പഠനം അവസാനിപ്പിച്ച ഗുലാട്ടിക്ക് പക്ഷെ മസാലവിപണിയിലെ ഒന്നാമന്മാരിൽ ഒരാളാകാൻ സാധിച്ചു.

എം.ഡി.എച്ച്. മസാലപ്പൊടികളുടെ പരസ്യത്തിലും ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. മഹാശയ്, ദാദാജി എന്നിങ്ങനെയാണ് അടുപ്പമുള്ളവർ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. 2019ൽ പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ആയിരം കോടിക്കു മുകളിലായിരുന്നു എം.ഡി.എച്ചിന്റെ വാർഷിക വരുമാനം. ഇന്ത്യയിലെ ഗൃഹോപയോഗ ഉൽപന്ന കമ്പനികളിൽ ഏറ്റവും ഉയർന്ന തുക ശമ്പളമായി വാങ്ങിയിരുന്നയാൾ എന്ന റെക്കോഡും ഗുലാത്തി സ്വന്തമാക്കിയിട്ടുണ്ട്.

2018ൽ 25 കോടിരൂപയാണ് അദ്ദേഹം ശമ്പളമായി സ്വീകരിച്ചത്. ദുബായിലും ലണ്ടനിലും ഓഫീസുകളുള്ള എം.ഡി.എച്ച്. നൂറോളം രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതിയും ചെയ്യുന്നുണ്ട്.

content highlights: mdh owner dharampal gulati passes away
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.