News

Get the latest news here

പലയിടത്തും യുഡിഎഫിനും ബിജെപിക്കും ഒറ്റ സ്ഥാനാര്‍ഥി-എം.വി.ശ്രേയാംസ് കുമാര്‍ എംപി

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി യുഡിഎഫിന് അവിശുദ്ധ ബന്ധമുണ്ടെന്ന് എൽ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ എംപി. പല സ്ഥലങ്ങളിലും സ്ഥാനാർഥികളെ പരസ്പരം നിർത്താതെ ഇവർ സഹായിക്കുന്നു. വടകരയിൽ ആറിടത്ത് ബിജെപിക്കും യുഡിഎഫിനും ഒരു സ്ഥാനാർഥിയാണുള്ളത്. ചിലയിടത്ത് ഈ സഖ്യത്തിൽ വെൽഫെയർ പാർട്ടിയും ഉൾപ്പെടുന്നുവെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.കാലിക്കറ്റ് പ്രസ്ക്ലബ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംവദിക്കുകയായിരുന്നു എംപി.

സംസ്ഥാന സർക്കാർ ചെയ്ത ഒരുപാട് നല്ല കാര്യങ്ങൾ ഉയർത്തികൊണ്ടാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2014-ന് ശേഷം സ്വതന്ത്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി തങ്ങളുടെ നയങ്ങൾ ഉൾക്കൊള്ളാത്തവരെ വരുതിയിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി ഇങ്ങനെ ഇഡിയേയും മറ്റു ഏജൻസികളേയും ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ കോൺഗ്രസ് ഈ നീക്കത്തിന് ഒപ്പം നിൽക്കുന്നു. ഇപ്പോൾ കേരളത്തിൽ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വരെ അവർ അന്വേഷണം നീട്ടികൊണ്ടുപോകും. സ്വർണക്കടത്ത് കേസ് ഇപ്പോൾ എന്തായിയെന്നും അദ്ദേഹം ചോദിച്ചു.

കർഷകരുടെ ആവശ്യം ന്യായമുള്ളതാണ്. പാർലമെന്റിൽ വോട്ട് ചെയ്യാൻ പോലും അവസരം നൽകാതെയാണ് കാർഷിക ബില്ലുകൾ പാസാക്കിയെടുത്തത്. കോർപ്പറേറ്റ് വത്കരണത്തിന്റെ വലിയൊരു ഉദാഹരമാണ് കാർഷിക നിയമം. ഒന്നോ രണ്ടോ സ്ഥാപനങ്ങൾക്ക് വേണ്ടിയുണ്ടാക്കിയിട്ടുള്ള നിയമമാണിതെന്നും ശ്രേയാംസ് കുമാർ എംപി കൂട്ടിച്ചേർത്തു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.