News

Get the latest news here

ഇരട്ട ഗോളുകളുമായി ഇസ്മ, ഒഡിഷയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി

ബംബോലിം:ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം പാദ മത്സരത്തിൽ ഒഡിഷയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തോൽപ്പിച്ച് ചെന്നൈയിൻ എഫ്.സി. ഇസ്മയിൽ ഇസ്മയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ചെന്നൈയിൻ വിജയം സ്വന്തമാക്കിയത്. സൂപ്പർ താരം ഡീഗോ മൗറീഷ്യോ ഒഡിഷയുടെ ആശ്വാസ ഗോൾ നേടി.

ഈ വിജയത്തോടെ ചെന്നൈയിൻ പോയന്റ് പട്ടികയിൽ 14 പോയന്റുകളുമായി അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ ഒഡിഷ അവസാന സ്ഥാനത്തുതന്നെ തുടരുന്നു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ചെന്നൈയുടെ അനിരുദ്ധ് ഥാപ്പ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.ചെന്നൈയുടെ മൂന്നാം വിജയവും ഒഡിഷയുടെ ഏഴാം തോൽവിയുമാണിത്.ആദ്യ പാദത്തിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു.

മത്സരം തുടങ്ങിയപ്പോൾ തന്നെ ചെന്നൈയിനാണ് ആക്രമിച്ച് കളിക്കാൻ തുടങ്ങിയത്. സിൽവസ്റ്ററിന് പകരം ഇസ്മയെ കൊണ്ടുവന്നത് ഫലം കണ്ടു. മികച്ച ആക്രമണവുമായി താരം കളം നിറഞ്ഞു. നാലാം മിനിട്ടിൽ ഇസ്മയ്ക്ക് മികച്ച അവസരം ഒഡിഷയുടെ ബോക്സിനകത്തുവെച്ച് ലഭിച്ചെങ്കിലും പന്ത് അദ്ദേഹം ക്രോസ്ബാറിന് മുകളിലൂടെ പറത്തി. ആദ്യ പത്തുമിനിട്ടിൽ ഒഡിഷ ചിത്രത്തിൽപ്പോലുമില്ലായിരുന്നു.

11-ാം മിനിട്ടിലാണ് ഒഡിഷ ആദ്യ ആക്രമണം നടത്തിയത്. പക്ഷേ അത് ലക്ഷ്യത്തിലെത്തിക്കാൻ ടീമിന് കഴിഞ്ഞില്ല. എന്നാൽ ഒഡിഷയെ ഞെട്ടിച്ചുകൊണ്ട് 15-ാം മിനിട്ടിൽ ചെന്നൈയിൻ ആദ്യ ഗോൾ നേടി. സിൽവസ്റ്ററിന് പകരം ആദ്യ ഇലവനിൽ സ്ഥാനം നേടിയ ഗിനിയക്കാരനായ ഇസ്മയിൽ ഇസ്മയാണ് ടീമിനായി ആദ്യ ഗോൾ നേടിയത്. ഒഡിഷയുടെ പ്രതിരോധതാരം ഗൗരവ് ബോറെയുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്.

ലോങ്ബോൾ പിടിച്ചടക്കാൻ ഗൗരവിന് സാധിച്ചില്ല. പന്ത് നേരെയെത്തിയത് ഇസ്മയുടെ കാലുകളിലേക്ക്. പന്തുമായി ബോക്സിനകത്തേക്ക് മുന്നേറിയ താരം അനായാസം പന്ത് വലയിലെത്തിച്ച് ടീമിന് നിർണായക ലീഡ് സമ്മാനിച്ചു.

ഗോൾ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് ചെന്നൈയിൻ കളിച്ചത്. അതിന്റെ ഭാഗമായി ടീമിന് രണ്ടാം ഗോളും നേടാനായി. 20-ാം മിനിട്ടിൽ ഒഡിഷ ബോക്സിനകത്തുവെച്ച് ചെന്നൈ താരം അനിരുദ്ധ് ഥാപ്പയെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽട്ടി വിധിച്ചത്. ഇത്തവണയും ഗൗരവ് ബോറെയായിരുന്നു ഒഡിഷയെ പ്രതിരോധത്തിലാക്കിയത്. ഗൗരവാണ് ഥാപ്പയെ ഫൗൾ ചെയ്തത്. ഇതിന്റെ ഭാഗമായി ലഭിച്ച പെനാൽട്ടി ഇസ്മ കൃത്യമായി വലയിലെത്തിച്ച് 21-ാം മിനിട്ടിൽ ടീമിന് രണ്ടുഗോൾ ലീഡേകി. ഇതോടെ ഒഡിഷ തകർന്നു

38-ാം മിനിട്ടിൽ ഒഡിഷയുടെ മാനുവൽ ഒൺവുവിന് സുവർണാവസരം ലഭിച്ചെങ്കിലും താരം പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു.

രണ്ടാം പകുതിയിൽ ഫോമിലില്ലാത്ത മാർസലീന്യോയെ പിൻവലിച്ച് ഒഡിഷ ഡീഗോ മൗറീഷ്യോയെ കൊണ്ടുവന്നു. ആ മാറ്റം ഒഡിഷയ്ക്ക് ഒരു ഗോളാണ് സമ്മാനിച്ചത്. സൂപ്പർ താരം ഡീഗോ മൗറീഷ്യോയാണ് ടീമിനായി ഗോൾ നേടിയത്. 63-ാം മിനിട്ടിലാണ് താരം ഗോൾ നേടിയത്.

ഒരു ലോങ്ബോൾ ബോക്സിന് പുറത്തുനിന്നും സ്വീകരിച്ച മൗറീഷ്യോ ചെന്നൈയിൻ ഗോൾകീപ്പർ വിശാലിനെ നിസ്സഹായനാക്കി പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചു കയറ്റി. 25 വാര അകലത്തിൽ നിന്നാണ് താരം ഗോൾ നേടിയത്. ഗോൾ വീണതോടെ മത്സരം ആവേശത്തിലായി. മൗറീഷ്യോ ഈ സീസണിൽ നേടുന്ന ആറാമത്തെ ഗോളാണിത്.

81-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ ചെന്നൈയിന്റെ തോയ് സിങ്ങിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും അദ്ദേത്തിന് ആ അവസരം മുതലാക്കാനായില്ല. 86-ാം മിനിട്ടിൽ ഒഡിഷയുടെ ഡാനിയേൽ ഒരുഗ്രൻ ലോങ് റേഞ്ചറെടുത്തെങ്കിലും ചെന്നൈയിൻ ഗോൾകീപ്പർ വിശാൽ അത് മികച്ച ഒരു ഡൈവിലൂടെ തട്ടിയകറ്റി. രണ്ടാം ഗോളിനായി ഒഡിഷ കിണഞ്ഞു ശ്രമിച്ചെങ്കിലും ചെന്നൈയിൻ പ്രതിരോധം ഉറച്ചുനിന്നു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...



Content Highlights: Chennain FC vs Odisha FC ISL 2020-2021 Live
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.