News

Get the latest news here

ഇതുവരെ ആര്‍ക്കും പാര്‍ശ്വഫലങ്ങളില്ല; കോവിഡ് വാക്‌സിനേഷന്‍ നാല് ദിവസങ്ങളില്‍ - ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത്. ആർക്കും പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിനെ സംബന്ധിച്ചുള്ള ആശങ്കകൾ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ, ഹൃദയ ശസ്ത്രക്രിയ വിദഗ്ധർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ വാക്സിൻ എടുത്തിരുന്നു. ആദ്യ ദിനത്തിലെ വിജയത്തെ തുടർന്ന് അതേ രീതിയിൽ വാക്സിനേഷൻ തുടരാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ് കോവിഡ് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നത്. ബുധനാഴ്ച കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാൽ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

വരും ദിവസങ്ങളിലും 100 പേരെ വച്ച് 133 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. ചില ചെറിയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ വാക്സിനേഷൻ പൂർത്തിയായതിനാൽ ജില്ലകളുടെ മേൽനോട്ടത്തിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കും. തിങ്കളാഴ്ച മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടൻ വാക്സിനേഷൻ കേന്ദ്രങ്ങളാരംഭിക്കും. തിരുവനന്തപുരം ജില്ലയിൽ പൂഴനാട്, മണമ്പൂർ, വർക്കല എന്നിവിടങ്ങളിലെ ആശുപത്രികളിൽ വാക്സിനേഷൻ പൂർത്തിയായിട്ടുണ്ട്.

എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ വീതവും ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതമാണ് വാക്സിനേഷൻ നടക്കുന്നത്. ചില കേന്ദ്രങ്ങളിൽ വാക്സിൻ നൽകുന്നവരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ടാകാം. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ എണ്ണം കൂട്ടാനും ഉദ്ദേശിക്കുന്നുണ്ട്.

ഓരോ കേന്ദ്രത്തിലും രാവിലെഒൻപത് മണി മുതൽഅഞ്ച് മണിവരെയാണ് വാക്സിൻ നൽകുക. രജിസ്റ്റർ ചെയ്ത ആളിന് എവിടെയാണ് വാക്സിൻ എടുക്കാൻ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവർ വാക്സിനേഷൻ കേന്ദ്രത്തിലെത്തേണ്ടത്. വാക്സിൻ എടുത്തു കഴിഞ്ഞാൽ 30 മിനിറ്റ് നിർബന്ധമായും നിരീക്ഷണത്തിലിരിക്കണം. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. കിറ്റ് ഉണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഇപ്പോൾ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. അവർ പൂർത്തിയായി കഴിഞ്ഞാൽ കോവിഡ് മുന്നണി പോരാളികളായ വിവിധ സേനാംഗങ്ങൾ, പോലീസുകാർ, കോവിഡുമായി സഹകരിച്ച റവന്യൂ വകുപ്പ് ജീവനക്കാർ, മുൻസിപ്പൽ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്സിനേഷൻ നൽകുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

content highlights:no adverse reactions reported in vaccination says health minister
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.