News

Get the latest news here

2.24 ലക്ഷം പേര്‍ വാക്‌സിനെടുത്തു; 447 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങളുണ്ടായി - ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രണ്ട് ദിവസമായി രാജ്യത്തുടനീളം കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവരിൽ 447 പേർക്ക് നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട മൂന്ന് പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡൽഹിയിലെ എയിംസിലും, നോർത്തേൺ റെയിൽവേ ആശുപത്രിയിലും ചികിത്സ തേടിയ രണ്ട് പേരെ ഇതിനോടകം ഡിസ്ചാർജ് ചെയ്തു. ഒരാൾ എയിംസിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയ അഡീഷണൽ സെക്രട്ടറി ഡോ. മനോഹർ അഗ്നാനി വ്യക്തമാക്കി.പനി, തലവേദന, ഓക്കാനം എന്നീ ചെറിയ അസ്വസ്ഥതകളാണ് അധികവും റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ആഴ്ചയിൽ നാല് ദിവസം വാക്സിൻ കുത്തിവെയ്പ്പെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങൾ വാക്സിനേഷൻ തിയതി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ആഴ്ചയിൽ ആറ് ദിവസം വാക്സിനേഷൻ നടത്താൻ ആന്ധ്രാ പ്രദേശ് സർക്കാർ അനുമതി തേടിയതായും മനോഹർ അഗ്നാനി പറഞ്ഞു.

ഞായറാഴ്ച കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലായി 17,072 പേർ വാക്സിൻ സ്വീകരിച്ചു. രാജ്യത്തുടനീളം ഇതുവരെ 2,24,301 പേർ വാക്സിൻ സ്വീകരിച്ചതായും യു.എസ്., യു.കെ., ഫ്രാൻസ് എന്നീ രാജ്യങ്ങളെ പിന്നിലാക്കി ലോകത്ത് പ്രതിദിനം ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ കുത്തിവെപ്പെടുത്ത രാജ്യമായി ഇന്ത്യ മാറിയെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

content highlights:total 447 adverse events reported, says Health Ministry




Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.