News

Get the latest news here

ആവേശകരമായ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് എഫ്.സി ഗോവ

ഫത്തോർഡ:വാനോളം ആവേശം നിറഞ്ഞ മത്സരത്തിൽ ശക്തരായ എ.ടി.കെ മോഹൻ ബഗാനെ സമനിലയിൽ തളച്ച് എഫ്.സി.ഗോവ. ഇരുടീമുകളും ഓരോ ഗോളുകൾ നേടി പിരിഞ്ഞു. മോഹൻ ബഗാനായി എഡു ഗാർസിയയും ഗോവയ്ക്കായി ഇഷാൻ പണ്ഡിതയും ഗോൾ നേടി.

ഈ സമനിലയോടെ മോഹൻബഗാൻ പോയന്റ് പട്ടികയിൽ രണ്ടാമതും ഗോവ മൂന്നാമതുമായി തുടരുന്നു.​ഗോവയുടെ വിങ്ബാക്ക് സേവിയർ ​ഗാമ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി. ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബഗാൻ ഗോവയെ തോൽപ്പിച്ചിരുന്നു.

മത്സരം തുടങ്ങിയപ്പോൾ പതിവിന് വിപരീതമായി മോഹൻ ബഗാനാണ് ആക്രമിച്ച് കളിച്ചുതുടങ്ങിയത്. ആദ്യ നാലുമിനിട്ടിനുള്ളിൽ പോസ്റ്റിലേക്ക് രണ്ടു ഷോട്ടുകൾ ഉതിർക്കാനും ടീമിനായി. എന്നാൽ പതിയെ ഗോവ കളിയിലേക്ക് തിരിച്ചെത്തി.

9-ാം മിനിട്ടിൽ ഗോവയുടെ ആൽബെർട്ടോ നൊഗുവേര ഒരു കിടിലൻ ലോങ്റേഞ്ചർ അടിച്ചെങ്കിലും പന്ത് പോസ്റ്റിനരികിലൂടെ കടന്നുപോയി. 17-ാം മിനിട്ടിൽ മോഹൻ ബഗാന്റെ പ്രബീർ ദാസ് കൃത്യമായി ബോക്സിലേക്ക് നല്ലൊരു ഷോട്ടുതിർത്തു. എന്നാൽ പന്ത് ഗോൾ കീപ്പർ നവീൻ കൃത്യമായി കൈയ്യിലൊതുക്കി. തൊട്ടുപിന്നാലെ ഗോവയുടെ ഓർട്ടിസ് ഒരു ലോങ്റേഞ്ചർ എടുത്തെങ്കിലും ഗോൾകീപ്പർ അരിന്ധം അത കൈയ്യിലൊതുക്കി.

27-ാം മിനിട്ടിൽ ഗോളെന്നുറച്ച ഒരു അവസരം സൃഷ്ടിക്കാൻ മോഹൻ ബഗാന് സാധിച്ചു. ബോക്സിനകത്തേക്ക് ഉയർന്നുവന്ന പന്ത് കൃത്യമായി ബഗാന്റെ ശുഭാശിഷ് ബോസ് ഹെഡ്ഡ് ചെയ്തെങ്കിലും പന്ത് ക്രോസ്ബാറിലിടിച്ച് തെറിച്ചു. 30-ാം മിനിട്ടിൽ ഗോവയുടെ നൊഗുവേര എടുത്ത കിക്കും ക്രോസ്ബാറിൽ തട്ടിത്തെറിച്ചു.

രണ്ടാം പകുതിയിൽ ആദ്യ ഗോളവസരം സൃഷ്ടിച്ചത് ഗോവയായിരുന്നു. വലതുമൂലയിൽ നിന്നും സെറിട്ടൺ ഫെർണാണ്ടസ് എടുത്ത ചിപ്പിങ് കിക്ക് ബഗാൻ ഗോൾകീപ്പർ ഭട്ടാചാര്യയുടെ തലയുടെ മുകളിലൂടെ പൊന്തി പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയെങ്കിലും പന്ത് പോസ്റ്റിൽ ഇടിച്ച് പുറത്തേക്ക് പോയി. നിർഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് സെറിട്ടണ് ഗോൾ നേടാനാവാഞ്ഞത്. ഗോളെന്നുറച്ച ഷോട്ടായിരുന്നു അത്.

രണ്ടാം പകുതിയിൽ ഗോവ മികച്ച ആക്രമണം പുറത്തുവിട്ടപ്പോൾ ബഗാൻ സ്വതസിദ്ധമായ പ്രതിരോധ ഫുട്ബോൾ കാഴ്ചവെച്ചു. 64-ാം മിനിട്ടിൽ ഗോവയുടെ പ്ലേമേക്കറായ ബ്രാന്റൺ ഫെർണാണ്ടസ് പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി.

ഗോവ ഗോളടിക്കാനായി പരമാവധി ശ്രമിച്ചെങ്കിലും സന്ദേശ് ജിംഗാൻ നയിച്ച ബഗാന്റെ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. മറുവശത്ത് ബഗാന്റെ ഗോളടിയന്ത്രമായ റോയ് കൃഷണയെ ഗോവൻ പ്രതിരോധം കൃത്യമായി പൂട്ടി.

74-ാം മിനിട്ടിൽ ഗോവയുടെ ബോക്സിന് തൊട്ടുവെളിയിൽ നിന്നും റോയ് കൃഷ്ണയെ ഗോവുടെ ഡൊണച്ചി ഫൗൾ ചെയ്തതിന് ബഗാന് അനുകൂലമായി ഒരു മികച്ച ഫ്രീകിക്ക് അവസരം ലഭിച്ചു. ഫ്രീകിക്കെടുത്ത എഡു ഗാർസിയ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു വണ്ടർ ഗോൾ നേടി ടീമിനെ മുന്നിലെത്തിച്ചു.

75-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. ഗാർസിയയുടെ ബുള്ളറ്റ് കിക്ക് പ്രതിരോധതാരങ്ങൾക്ക് മുകളിലൂടെ ഗോൾപോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തുളഞ്ഞുകയറി. ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഫ്രീകിക്ക് ഗോളാണിത്. ലോകോത്തര നിലവാരമുള്ള കിക്കാണ് ഗാർസിയ അടിച്ചത്. ഇതോടെ ഗോവ മാനസികമായി തളർന്നു.

ഗോൾ നേടിയതോടെ മോഹൻ ബഗാൻ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. പക്ഷേ മോഹൻ ബഗാന്റെ ആഹ്ലാദത്തിന് വെറും 10 മിനിട്ട് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 85-ാം മിനിട്ടിൽ ഗോവ സമനില ഗോൾ നേടി.

പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിതയാണ് ടീമിനായി സമനില ഗോൾ നേടിയത്. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ബഗാൻ ബോക്സിലേക്ക് പറന്നിറങ്ങിയ ഫ്രീകിക്ക് ഡോണച്ചി ഹെഡ്ഡ് ചെയ്തെങ്കിലും അത് പ്രതിരോധതാരം പ്രീതം കോട്ടാൽ തട്ടിയകറ്റി. പക്ഷേ പന്ത് നേരെ ചെന്നത് ഇഷാന്റെ കാലിലേക്കാണ്. താരം അത് അനായാസേന വലയിലെത്തിച്ച് ടീമിന് നിർണായകമായ ഗോൾ സമ്മാനിച്ചു

സൂപ്പർ സബ് എന്ന തലക്കെട്ട് എന്തുകൊണ്ടും യോജിക്കുന്ന താരമാണ് ഇഷാൻ. മുൻപൊരു മത്സരത്തിലും ഗോവയെ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് ഈ ഇന്ത്യൻ വംശജൻ.

പിന്നാലെ 89-ാം മിനിട്ടിൽ മോഹൻബഗാന്റെ മൻവീർ സിങ് തകർപ്പൻ ഹെഡ്ഡർ നടത്തിയെങ്കിലും നിർഭാഗ്യവശാൽ അത് ഗോവയുടെ പോസ്റ്റിൽ തട്ടിത്തെറിച്ചു.



Content Highlights: ATK Mohun Bagan vs FC Goa ISL 2020-2021
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.