News

Get the latest news here

കോവിഡ് വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: കോവിഡ് വാക്സിനുകൾ അയൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. ലോകത്തിന്റെ വാക്സിൻ ഫാർമസിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി കോവിഡ് വാക്സിൻ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പല രാജ്യങ്ങളും ആശങ്കപ്പെട്ടിരുന്നു. എന്നാൽ അത്തരം ആശങ്കകൾ തള്ളിക്കളഞ്ഞുകൊണ്ടാണ് കയറ്റുമതി.

ലോകത്തെ 60 ശതമാനം വാക്സിൻ നിർമാണവും നടക്കുന്നത് ഇന്ത്യയിലാണ്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ജനുവരി മൂന്നിന് രണ്ട് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ച് ആസ്ട്ര സെനക്ക വികസിപ്പിച്ച കോവിഷീൽഡ്, തദ്ദേശീയ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സിൻ എന്നിവയ്ക്കാണ് അധികൃതർ പച്ചക്കൊടി കാട്ടിയത്.

ജൂലായോടെ രാജ്യത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 30 കോടി ജനങ്ങൾക്ക് വാക്സിൻ നൽകാനുള്ള നീക്കത്തിന് ഇന്ത്യ 16 ന് തുടക്കം കുറിച്ചിരുന്നു. അതിനിടെ, രണ്ട് കോടി ഡോസ് വാക്സിനുകൾ അയൽ രാജ്യങ്ങൾക്ക് നൽകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ടു ചെയ്തു. നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ, സീഷെൽസ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും നിർമ്മിച്ച വാക്സിനുകൾ എത്തും. അവയിൽ ചില രാജ്യങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകുമെന്നും സഹായമെന്ന നിലയിൽ അതിനെ പരിഗണിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

കയറ്റുമതി വൈകാതെ തുടങ്ങുമെന്നാണ് സൂചന. ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും രാജ്യങ്ങൾക്കും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങൾക്കും അതിനുശേഷം ഇന്ത്യ വാക്സിൻ വാഗ്ദാനം ചെയ്യും. ബ്രസീലും ദക്ഷിണാഫ്രിക്കയും കോവിഡ് വാക്സിൻ ഡോസുകൾ അടിയന്തരമായി നൽകണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ചിട്ടുണ്ട്. വാക്സിൻ എത്തിക്കാൻ ഇന്ത്യയിലേക്ക് പ്രത്യേക വിമാനം അയയ്ക്കുമെന്നാണ് ബ്രസീൽ ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. 20 ലക്ഷം ഡോസുകൾ ബ്രസീലിന് നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ വാക്സിൻ ഡോസുകൾ നിർമ്മിച്ചശേഷം മാർച്ചിൽ വിദേശ രാജ്യങ്ങൾക്ക് വാക്സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതി കണക്കിലെടുത്ത് ബ്രസീലിന് വാക്സിന് നൽകുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.





Content Highlights:India to export Coronavirus vaccines to foreign countries
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.