News

Get the latest news here

ആര്‍എസ്എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ല- എം.കെ മുനീര്‍

തിരുവനന്തപുരം: എതിർക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സർക്കാരിനെന്നും ആ നിലപാടിന് ഉദാഹരണമാണ് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരായ പ്രമേയമെന്നും എം.കെ മുനീർ. സിഎജി റിപ്പോർട്ടിനെതിരായി നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ എതിർത്തുകൊണ്ട് സംസാരിക്കുകയായിരുന്നുമുനീർ. ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന ആരോപണത്തോട് രോക്ഷത്തോടെയാണ് മുനീർ പ്രതികരിച്ചത്.

"ആർഎസ്എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ല. ഇനി സിപിഎമ്മും ബിജെപിയും മതിയെന്ന വിചാരം നടപ്പാവില്ല. പകൽ ആർഎസ്എസുമായി തല്ല് കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സിപിഎം.കോൺഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാർട്ടിയേ രാജ്യത്തുള്ളു. അത് കമ്മ്യുണിസ്റ്റ് പാർട്ടിയും ബിജെപിയുമാണ്. എന്നിട്ട് ജനങ്ങളോട് ഒന്നുകിൽ സിപിഎം ആകുക അല്ലെങ്കിൽ ബിജെപിയാവുക എന്നു പറയും. ആ തിയറി ഇവിടെ നടക്കാൻ പോകുന്നില്ല. അങ്ങനെ ഒറ്റശ്വാസത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാകില്ല".

സിഎജി എന്നുകേട്ടാൽ സംഘപരിവാർ ബന്ധം ആരോപിച്ച് കൈ കഴുകി രക്ഷപ്പെടാൻ ശ്രമിക്കേണ്ട. ഇത് സത്യസന്ധമായി പരിശോധിക്കാൻ ഈ രാജ്യത്തെ ജനങ്ങൾ തയ്യാറാകും. വരുന്ന എല്ലാ സിഎജി റിപ്പോർട്ടിലും നിങ്ങൾക്കെതിരെയുള്ള പരാമർശം ഉണ്ടായാൽ പ്രമേയം പാസാക്കി സിഎജി റിപ്പോർട്ട് തള്ളുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. അതിലും നല്ലത് സിഎജിയെ പിരിച്ചുവിട്ടേക്കു എന്ന് പറയുന്നതല്ലേയെന്നും മുനീർ.

നിങ്ങൾക്ക് എതിരായി സംസാരിക്കുന്നവരെ നിഷ്കാസനം ചെയ്യുക എന്ന നിലപാട് ഈ പ്രമേയത്തിലൂടെ ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ചെയ്താണ് ബംഗാളിലും ത്രിപുരയിലും നിങ്ങൾ ഇല്ലാതെയായതെന്നും പ്രമേയത്തെ എതിർക്കുന്നതായും മുനീർ സഭയിൽ പറഞ്ഞു.

Content Highlight: MKMuneer opposed resolution against CAG
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.