By
Admin
/
Jan 22, 2021 //
Editor's Pick /
ട്രംപിന്റെ വിലക്ക് : ഫെയ്സ്ബുക്ക് 'സുപ്രീംകോടതി'യുടെ തീരുമാനം തേടും
സാൻഫ്രാൻസിസ്കോ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേർപ്പെടുത്തിയ വിലക്ക് തുടരണോയെന്ന കാര്യത്തിൽ തങ്ങളുടെ സ്വതന്ത്ര വിദഗ്ധസംഘത്തിന്റെ അഭിപ്രായം തേടുമെന്ന് ഫെയ്സ്ബുക്ക് വ്യാഴാഴ്ച വ്യക്തമാക്കി. ഫെയ്സ്ബുക്കിന്റെ സുപ്രീം കോടതി എന്നറിയപ്പെടുന്നവിദഗ്ധസംഘം നൽകുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ട്രംപിനെതിരെയുള്ള തുടർ നടപടി.
ജനുവരി ആറിന് കാപ്പിറ്റോളിൽ നടന്ന അതിക്രമത്തിന് പ്രേരണ നൽകിയെന്ന കാരണത്താലാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്രംപിന് വിലക്കേർപ്പെടുത്തിയത്. കൂടാതെ ട്വിറ്ററും ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
ശരിയായതും അനിവാര്യമായതുമായ തീരുമാനമാണ് ട്രംപിനെതിരെ സ്വീകരിച്ചതെന്ന് ഫെയ്സ് ബുക്കിന്റെ ഗ്ലോബൽഅഫയേഴ്സ് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് ബ്ലോഗ് പോസ്റ്റിൽ സൂചിപ്പിച്ചു. സമാധാനപരമായ അധികാരകൈമാറ്റത്തെ തകിടം മറിക്കാൻ ട്രംപ് മനഃപൂർവം നടത്തിയ ശ്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും ജനാധിപത്യധ്വംസനത്തിന് കാരണമായതായും ക്ലെഗ് വ്യക്തമാക്കി.
ഫെയ്സ്ബുക്കിന്റെ സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ട്രംപിന്റെ വിലക്ക് തുടരുകയോ പിൻവലിക്കുകയോ ചെയ്യുന്നതെന്ന് ക്ലെഗ് പറഞ്ഞു. ജനാധിപത്യരാജ്യത്തിലെ ജനങ്ങൾക്ക് തങ്ങൾ എന്ത് കേൾക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെങ്കിലും തങ്ങളുടെ നേതാക്കൾ പറയുന്ന എല്ലാ കാര്യങ്ങളും കേൾക്കാനുള്ള അധികാരം അനുവദിക്കാനാവില്ലെന്നും ക്ലെഗ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ ഓൺലൈൻ അഭിസംബോധനകൾ നിശബ്ദമാക്കണമെന്ന് നേരത്തെ വിവിധയിടങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. മനുഷ്യവകാശപ്രവർത്തകർ, നൊബേൽ ജേതാവ്, ഡാനിഷ് മുൻ പ്രധാനമന്ത്രി എന്നിവരടങ്ങിയതാണ് ഫെയ്സ്ബുക്കിന്റെ വിദഗ്ധസമിതി.
Content Highlights: Facebooks Supreme Court To Decide On Trumps Suspension
Related News
Comments