News

Get the latest news here

രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തവര്‍ 10.5 ലക്ഷം

ന്യൂഡൽഹി: രാജ്യത്താകെ ഇതുവരെ 10.5 ലക്ഷം പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂർ സമയത്തിനിടയിൽ 4,4049 സെഷനുകളിലായി 2,37,050 പേരാണ് കുത്തിവെപ്പെടുത്തത്. ആകെ 18,167 സെഷനുകളാണ് ഇതുവരെ രാജ്യത്ത് സംഘടിപ്പിച്ചിട്ടുളളത്.

ആഗോളമഹാമാരിക്കെതിരായ പോരാട്ടത്തിൽ പരിശോധനാസൗകര്യങ്ങളുടെ വികസനം വലിയ ഊർജമാണ് നൽകിയിരിക്കുന്നതെന്നും ഏറ്റവും കൂടുതൽ പരിശോധന നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻനിരയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടയിൽ 8,00,242 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ പരിശോധനകളുടെ എണ്ണം 19,01,48,024 കടന്നു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.59 ശതമാനമാണ്.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയത കേസുകളിൽ സജീവകേസുകൾ 1.78 ശതമാനം മാത്രമാണ്. കഴിഞ്ഞ കുറച്ചു ആഴ്ചകളിലായി കോവിഡ് കേസുകളിൽ ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തുന്നത്. നിലവിൽ 1,88,688 പേരാണ് രാജ്യത്ത് ചികിത്സയിലുളളത്. 24 മണിക്കൂറിനിടയിൽ 18,002പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

10,283,708 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ രോഗമുക്തി നേടിയ കേസുകളിൽ 84.70 ശതമാനവും പത്തുസംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമുളളതാണ്. 24 മണിക്കൂറിനിടയിൽ കേരളത്തിൽ 6,229 പേരും മഹാരാഷ്ട്രയിൽ 3980 പേരും കർണാടകയിൽ 815 പേരും രോഗമുക്തി നേടി.

Content Highlights:Over 10 lakh beneficiaries vaccinated against COVID-19
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.