News

Get the latest news here

സോണിയ വിളിച്ചു, യോഗത്തില്‍ പങ്കെടുക്കുമെന്ന് കെ.വി തോമസ്; പാര്‍ട്ടി വിടുമെന്ന അഭ്യൂഹത്തിന് വിരാമം

കൊച്ചി: കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെ.വി തോമസ്. കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി തന്നെ വിളിച്ച് ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടുവെന്ന് കെ.വി തോമസ് അറിയിച്ചു. ഈ സാഹചര്യത്തിൽനാളെ നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സോണിയാ ഗാന്ധി പറഞ്ഞാൽ പിന്നെ മറ്റൊന്നും തനിക്കില്ല. എന്തുപറഞ്ഞാലും അതനുസരിക്കും. സോണിയയോട് അത്രമാത്രം കടപ്പാടും ബന്ധവുമുണ്ടെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് പ്രസിഡന്റിന് പുറമേ യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ സ്ഥാനമാനങ്ങളൊന്നും താൻ ചോദിച്ചിട്ടില്ല. ഇതെല്ലാം മാധ്യമ സൃഷ്ടിയാണ്. ഇടത് മുന്നണിയിലേക്കെന്ന ആക്ഷേപങ്ങൾ കണ്ടപ്പോൾ മാനസിക വിഷമമുണ്ടായി. ഒട്ടേറെകാര്യങ്ങൾ പറയാനുള്ളത് കൊണ്ടാണ് ശനിയാഴ്ച വാർത്താ സമ്മേളനം വിളിച്ചത്. എന്നാൽ അത് പറയേണ്ട പ്രസക്തി ഇപ്പോഴില്ല. സോണിയാ ഗാന്ധി പോകണമെന്ന് പറഞ്ഞാൽ യോഗത്തിൽ പങ്കെടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ ധാരാളം വൈകാരികമായ പ്രശ്നങ്ങൾ നേരിട്ടു. അതിന്റെ വിഷമം കൊണ്ടാണ് ഒന്നിലും പങ്കെടുക്കാതിരുന്നത്. സഹപ്രവർത്തകർ തന്നെ ഒരുപാട് അപമാനിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഒരാളെ നിർദേശിച്ചപ്പോൾ അതുപോലും തിരസ്കരിക്കപ്പെട്ടു. സ്വന്തം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ പോലും തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ല. ഇതെല്ലാം തന്നെ വേദനിപ്പിച്ചെന്നും കെവി തോമസ് കൂട്ടിച്ചേർത്തു.






Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.