News

Get the latest news here

ഈസ്റ്റ് ബംഗാളിനെ കീഴടക്കി ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് മുംബൈ സിറ്റി എഫ്.സി

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് മുംബൈ സിറ്റി എഫ്.സി. പ്രതിരോധതാരം മുർത്താദ ഫാളാണ് ടീമിനായി വിജയഗോൾ നേടിയത്.ഫാൾ തന്നെയാണ് ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കിയത്.

ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോഴും മുംബൈ തന്നെയാണ് വിജയം സ്വന്തമാക്കിയത്. അന്ന് എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ടീം വിജയിച്ചു കയറിയത്. ഇന്നത്തെ തോൽവിയോടെ ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്ത് തുടരുന്നു.

ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാളിനേക്കാൾ ആധിപത്യം പുലർത്തിയത് മുംബൈ ആണ്.ഇരുടീമുകളും 4-2-3-1 ശൈലിയിൽ കളിച്ചു. മുംബൈ ആക്രമിച്ച് കളിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ പ്രതിരോധം നന്നായി വിയർത്തു.

27-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാൾ പ്രതിരോധം പൊളിച്ച് മുംബൈയുടെ പ്രതിരോധതാരം മുർത്താദ ഫാൾ ടീമിനായി സ്കോർ ചെയ്തു. ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്. ബോക്സിന് വെളിയിൽ നിന്നും മുന്നേറ്റതാരം ഹ്യൂഗോ ബൗമസ് ഉയർത്തി നൽകിയ പന്ത് കൃത്യമായി തന്നെ ഫാൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഹെഡ്ഡ് ചെയ്തു. ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാറിന് അത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.

ഫാളിന്റെ 11-ാം ഐ.എസ്.എൽ ഗോളാണിത്. ഇതോടെ ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പ്രതിരോധതാരം എന്ന റെക്കോഡ് താരം സ്വന്തമാക്കി. ബൗമസിന്റെ ഈ സീസണിലെ ആറാം ഗോൾ അസിസ്റ്റുമായിരുന്നു അത്.

ആദ്യ പകുതി പിന്നട്ടപ്പോൾ മുംബൈ ഒരു ഗോളിന്റെ ലീഡിൽ മുന്നിൽ നിന്നു. രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായി ചില അവസരങ്ങൾ രണ്ടാം പകുതിയിൽ സൃഷ്ടിക്കാനും ടീമിന് സാധിച്ചു.

56-ാം മിനിട്ടിൽ ഫാളിന് വീണ്ടും ബോക്സിനകത്തുവെച്ച് സുവർണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ കിക്ക് ദേബ്ജിത്ത് കൈയ്യിലൊതുക്കി. അഹമ്മദ് ജാഹുവിന്റെ കിടിലൻ പാസ്സിൽ നിന്നാണ് ഫാളിന് അവസരം ലഭിച്ചത്.

63-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാൾ നായകൻ ഡാനിയേൽ ഫോക്സിന് മുംബൈ ബോക്സിനകത്തുവെച്ച് മികച്ച അവസരം ലഭിച്ചു. താരമത് നന്നായി ഹെഡ്ഡ് ചെയ്തെങ്കിലും പന്ത് പോസ്റ്റിനുരുമ്മി കടന്നുപോയി. അവസാന പത്തുമിനിട്ട് മുഴുവൻ ഈസ്റ്റ് ബംഗാൾ മുംബൈ ബോക്സിനതകത്ത് നിരന്തരം ആക്രമിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. മുംബൈ ഗോൾകീപ്പറും നായകനുമായ അമരീന്ദറിന്റെ തകർപ്പൻ സേവുകളും ഈസ്റ്റ് ബംഗാളിന് വിലങ്ങുതടിയായി.

Content Highlights: Mumbai City vs SC East Bengal Indian Super League 2020-2021
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.