By
Admin
/
Jan 22, 2021 //
Editor's Pick /
92 രാജ്യങ്ങളിലേക്ക് വാക്സിന്; ഇന്ത്യയുടെ വാക്സിന് നയതന്ത്രം ഹിറ്റെന്ന് വിദേശമാധ്യമങ്ങള്
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിച്ച് ദിവസങ്ങൾ മാത്രമേ ആയുള്ളൂവെങ്കിലും വാക്സിൻ നിർമിക്കാനുള്ള ഇന്ത്യയുടെ കഴിവിന്റെ കീർത്തി അതിർത്തികളും കടന്ന് പറക്കുകയാണ്. അയൽരാജ്യങ്ങളിലുൾപ്പെടെ ഇന്ത്യയുടെ സൽപ്പേര് ഉയർത്താൻ ഇതിനോടകം രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്നാണ് വിദേശമാധ്യമങ്ങളുടെയടക്കംവിലയിരുത്തൽ.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വളരെ ശക്തമായ വാക്സിൻ ഉത്പാദന മേഖലയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കൾ. ഇന്ത്യയുടെ ആവശ്യവും കഴിഞ്ഞ് മറ്റ് രാജ്യങ്ങൾക്ക് കൂടി വാക്സിൻ വിതരണം ചെയ്യാനുള്ള പ്രാപ്തി രാജ്യത്തിനുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. ഇതിലൂടെ മറ്റൊരു രാജ്യത്തിനും ഇല്ലാത്ത തരത്തിലൊരു വാക്സിൻ നയതന്ത്രമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നതും.
ബുധനാഴ്ച മുതൽ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നീ നാല് രാജ്യങ്ങൾക്ക് മാത്രമായി 32 ലക്ഷം ഡോസ് വാക്സിൻ ഇന്ത്യ ഇതുവരെ നൽകിക്കഴിഞ്ഞു. മൗറീഷ്യസ്, മ്യാൻമാർ, സീഷെൽസ് എന്നിവിടങ്ങളിലെ കണക്കുകൾ വേറെയും. അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള വാക്സിൻ വിതരണം നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിർമാതാക്കളായ ഇന്ത്യയുടെ സവിശേഷമായ പ്രാപ്തിയേയും ശക്തിയേയുമാണ് ഈ നടപടികൾ വെളിപ്പെടുത്തുന്നത്.
കോവിഡിനെ നേരിടാനുളള പെടാപ്പാടിനിടെ ലോകത്തെ വാക്സിനിലൂടെ സ്വാധീനിക്കാൻ പല രാഷ്ട്രങ്ങളും ശ്രമിക്കുന്നുണ്ട്. എന്നാൽ നിരവധി അയൽരാജ്യങ്ങൾക്ക് വാക്സിൻ ആദ്യമായി സമ്മാനിച്ചത് ഇന്ത്യ മാത്രമാണ്.
ചൈന പോലും വാക്സിൻ വിൽപ്പനയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മാസങ്ങൾക്ക് മുൻപേ ആരംഭിച്ചെങ്കിലും അടുത്തിടെ മാത്രമാണ് മ്യാൻമാറിനും കംബോഡിയയ്ക്കും ഫിലിപ്പൈൻസിനും വാക്സിൻ നൽകിയത്. അത് സൗജന്യമാണോ എന്നും വ്യക്തമല്ല. പാകിസ്താനും 500000 ഡോസ് വാക്സിൻ നൽകുമെന്നും ചൈന ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വാക്സിൻ വിതരണം വാക്സിൻ മൈത്രി, വാക്സിൻ ഫ്രണ്ട്ഷിപ്പ് തുടങ്ങിയ ഹാഷ്ടാഗോടെയാണ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യപ്പെടുന്നത്. ലോകരാജ്യങ്ങളുടെ ആരോഗ്യസംബന്ധിയായ ആവശ്യങ്ങളിൽ ദീർഘകാല പങ്കാളിയാവാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദുരിതകാലത്തും രാജ്യം മുന്നോട്ടുവെയ്ക്കുന്ന വാക്സിൻ നയതന്ത്രം ആഗോളതലത്തിൽ ഇന്ത്യയുടെ മൈലേജ് കൂട്ടുമെന്നാണ് വിലയിരുത്തൽ.
Related News
Comments