News

Get the latest news here

കര്‍ഷക സമരം അലങ്കോലമാക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപണം;'അക്രമി'യെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരം ചെയ്യുന്ന സിംഘു അതിർത്തിയിൽ നാടകീയ നീക്കങ്ങൾ. കർഷക സമരം അട്ടിമറിക്കാനും നേതാക്കൾക്കു നേരെ വെടിവെക്കാനും നിയോഗിച്ചതാണെന്ന് ആരോപിച്ച് ഒരാളെ കർഷകർ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി.

വെള്ളിയാഴ്ച രാത്രിയോടെയാണ് കർഷകർ വാർത്താസമ്മേളനം വിളിച്ചത്. റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലി അലോങ്കലപ്പെടുത്താനും കർഷക നേതാക്കളെ വെടിവെച്ചു കൊലപ്പെടുത്താനും രണ്ടും സംഘങ്ങളെ നിയോഗിച്ചെന്ന് കർഷകർ ആരോപിച്ചു. സംഘത്തിൽ പെട്ടയാളെന്ന് ആരോപിച്ച് ഒരു മുഖംമൂടി ധാരിയെ കർഷകർ മാധ്യമങ്ങൾക്ക് ഹാജരാക്കുകയും തുടർന്ന് പോലീസിന് കൈമാറുകയും ചെയ്തു.

കർഷക റാലി അലങ്കോലപ്പെടുത്താൻപോലീസിന്റെ ഒത്താശയോടെ തങ്ങൾ പദ്ധതിയിട്ടതായി മുഖംമൂടിധാരി മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന നടത്തിയ പോലീസുകാരുടെ പേരെടുത്ത് പറയുകയും ചെയ്തു.

രണ്ടു സംഘങ്ങളായി ജനുവരി 19 മുതൽ തങ്ങൾ ഇവിടെയുണ്ട്. പ്രതിഷേധക്കാരുടെ പക്കൽ ആയുധമുണ്ടോയെന്ന് പരിശോധിക്കാനാണ് തങ്ങളെ ചുമതലപ്പെടുത്തിയത്. ജനുവരി 26-ന് പ്രക്ഷോഭകർക്കിടയിൽ കൂടിചേരാനും സമരത്തിനിടെ വെടിയുതിർക്കാനുമായിരുന്നു പദ്ധതി.

കർഷകർ പോലീസിനു നേരെ വെടിയുതിർക്കുന്നുവെന്ന് വരുത്തി തീർക്കാനായിരുന്നു ഇത്. പ്രക്ഷോഭകർക്ക് പോലീസ് ആദ്യം മുന്നറിയിപ്പ് നൽകും തുടർന്ന് സഹകരിച്ചില്ലെങ്കിൽ മുട്ടിന് കീഴെ വെടിയുതിർക്കാനും പദ്ധതിയുണ്ട്. കർഷകർ ആയുധങ്ങൾ ഉപയോഗിച്ചുവെന്ന് പോലീസിന് സ്ഥാപിച്ചെടുക്കാനാണ് തങ്ങളെ ആയുധങ്ങളുമായി ഇങ്ങോട്ടേക്ക് നിയോഗിച്ചത് മുഖംമൂടി ധാരി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്പദമായ രീതിയിൽ സിംഘുവിൽ നിന്ന് കർഷകർ ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ കർഷകർ ചോദ്യം ചെയ്തു. ഇതോടെയാണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ വ്യക്തിയെന്ന് മനസിലായത്.

ഹരിയാണ പോലീസിനാണ് ഇയാളെ കൈമാറിയത്. കുണ്ട്ലി പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.