News

Get the latest news here

നിര്‍ഭാഗ്യം വില്ലനായി, ജംഷേദ്പുരുമായി ഗോള്‍രഹിത സമനില പാലിച്ച് ബ്ലാസ്റ്റേഴ്‌സ്

ബംബോലിം:ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷേദ്പുർ എഫ്.സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. തകർപ്പൻ കളി പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്സിനെ ഇന്ന് ഭാഗ്യം തുണച്ചില്ല.ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്​ദുൾ സമദ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി

ഗോളെന്നുറച്ച അഞ്ചോളം ബ്ലാസ്റ്റേഴ്സ് കിക്കുകളാണ് ജംഷേദ്പുരിന്റെ പോസ്റ്റിൽ തട്ടിത്തെറിച്ചത്. അതിനുപുറമേ പത്തിലധികം ഗോളവസരങ്ങൾ സൃഷ്ടിക്കാനും ടീമിന് സാധിച്ചു. ഒരു ഗോൾ നേടിയെങ്കിലും റഫറി അത് അനുവദിച്ചില്ല

ഭാഗ്യം കടാക്ഷിച്ചിരുന്നെങ്കിൽ ചുരുങ്ങിയത് ഏഴുഗോളുകൾക്കെങ്കിലും ബ്ലാസ്റ്റേഴ്സ് ഇന്ന് ജയിച്ചേനേ. ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. ജംഷേദ്പുർ ഏഴാം സ്ഥാനത്തേക്കും കയറി. ഈ മത്സരമടക്കം കഴിഞ്ഞ അഞ്ച് പോരാട്ടങ്ങളിൽ തോൽക്കാതെ ബ്ലാസ്റ്റേഴ്സ് കുതിപ്പ് തുടർന്നു.

ബ്ലാസ്റ്റേഴ്സിനായി മുന്നേറ്റനിരയിൽ സഹൽ-മറെ-ഹൂപ്പർ സഖ്യം ലോകോത്തര നിലവാരമുള്ള കളിയാണ് പുറത്തെടുത്തത്. ഇവർ നിരന്തരം ജംഷേദ്പുർ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. പക്ഷേ ഗോൾ മാത്രം നേടാനായില്ല. കളിയിലുടനീളം മികച്ച പ്രകടനം തന്നെയാണ് മഞ്ഞപ്പട പുറത്തെടുത്തത്.

മത്സരം തുടങ്ങിയപ്പോൾ ജംഷേദ്പുരാണ് ആദ്യം ആക്രമിച്ച് കളിച്ചത്. ആദ്യ മിനിട്ടുകളിൽ ചില അവസരങ്ങൾ സൃഷ്ടിക്കാനും ടീമിന് സാധിച്ചു. ഏഴാം മിനിട്ടിൽ ജംഷേദ്പുരിന്റെ മുന്നേറ്റതാരം നെരിയസ് വാൽസ്കിസിന്റെ ഉഗ്രൻ ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റിൽ തട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ പിഴവിൽ നിന്നാണ് വാൽസ്കിസ് പന്ത് പിടിച്ചെടുത്തത്.

ആദ്യ 15 മിനിട്ടുകളിൽ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മുന്നേറ്റനിരയിലേക്ക് പന്തെത്തിക്കാൻ മധ്യനിരയ്ക്ക് സാധിച്ചില്ല. മധ്യനിരയിൽ ഫക്കുണ്ടോ പെരേരയുടെ അസാനിധ്യം കളിയിൽ പ്രകടമായിരുന്നു. നിരവധി പാസ്സിങ് പിഴവുകളും ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ വരുത്തി.

29-ാം മിനിട്ടിൽ രോഹിത് കുമാറിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായി പോസ്റ്റിലേക്ക് ഒരു ഷോട്ടുതിർത്തത്. ദുർബലമായ താരത്തിന്റെ കിക്ക് ജംഷേദ്പുർ ഗോൾകീപ്പറും മലയാളിയുമായ രഹനേഷ് കൈയ്യിലൊതുക്കി. അതിനുശേഷം ബ്ലാസ്റ്റേഴ്സും ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ കളി ആവേശത്തിലായി. 35-ാം മിനിട്ടിൽ ഹൂപ്പർ ജംഷേദ്പുർ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

42-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ഹൂപ്പറെടുത്ത തകർപ്പൻ ലോങ്റേഞ്ചർ ജംഷേദ്പുർ ക്രോസ്ബാറിലിടിച്ച് തെറിച്ചു. തൊട്ടുപിന്നാലെ മറെയെടുത്ത ഹെഡ്ഡറും പോസ്റ്റിലിടിച്ച് തെറിച്ചു. പോസ്റ്റിലിടിച്ച പന്ത് പോസ്റ്റിനുള്ളിലാണ് വീണത്. എന്നിട്ടും റഫറി ഗോൾ അനുവദിച്ചില്ല. ഇത് വിവാദങ്ങൾക്ക് വഴിവെയ്ക്കുമെന്നുറപ്പായി. 43-ാം മിനിട്ടിൽ മറെ വീണ്ടും ബോക്സിനകത്ത് മികച്ച അവസരം സൃഷ്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ കിക്ക് പോസ്റ്റിന് വെളിയിലേക്ക് പോയി.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് തന്നെയാണ് കളിച്ചത്. 52-ാം മിനിട്ടിൽ മറെയുടെ ഉഗ്രൻ കിക്ക് ജംഷേദ്പുർ ബോക്സിന് മുകളിലൂടെ പറന്നു.

66-ാം മിനിട്ടിൽ മറെ വീണ്ടും ഒരു അവസരം സൃഷ്ടിച്ചു. വളരെ മികച്ച ഒരു ഹെഡ്ഡറിലൂടെ വല ചലിപ്പിക്കാൻ താരം ശ്രമിച്ചെങ്കിലും പന്ത് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 72-ാം മിനിട്ടിലും മറെയുടെ ഹെഡ്ഡർ പോസ്റ്റിനെ ചുംബിച്ചുകൊണ്ട് കടന്നുപോയി.

മറെയും ഹൂപ്പറും തകർപ്പൻ കളി പുറത്തെടുത്തിട്ടും ഭാഗ്യം കേരളത്തെ കടാക്ഷിച്ചില്ല. അവസാനം ചില മാറ്റങ്ങൾ വരുത്തിയിട്ടും കേരളത്തിനായി സ്കോർ ചെയ്യാൻ താരങ്ങൾക്ക് സാധിച്ചില്ല.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....



Content Highlights: Kerala Blasters FC vs Jamshedpur FC ISL 2020-2021
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.