News

Get the latest news here

കേരളത്തിലുള്ളത് ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാര്‍, വികസന നേട്ടങ്ങളില്ല-രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശാസ്ത്രീയമായി അഴിമതി നടത്തിയ സർക്കാരാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.

കേരളത്തിന്റെ ചരിത്രത്തിൽ ഒരു സർക്കാരും ഇതുപോലെ അഴിമതിയൽ മുങ്ങിത്താഴ്ന്നിട്ടുണ്ടാവില്ല. ശാസ്ത്രീയമായി അഴിമതി നടത്തി കേരളത്തെ കൊള്ളയടിച്ച സർക്കാരാണിത്. ഒരു വികസനവും നേട്ടവും കേരളത്തിലുണ്ടായില്ല. കേരളം സാമ്പത്തികമായും സാമൂഹികമായും തകർന്നു. നാടിന്റെ പ്രതീക്ഷകളെല്ലാം തകർന്ന അഞ്ച് വർഷമാണ് കടന്നുപോയത്. വൻ കടക്കെണിയിലാണ് ഇപ്പോൾ സംസ്ഥാനമുള്ളതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

സർക്കാരിനെതിരെ പ്രതിപക്ഷം എണ്ണിപ്പറഞ്ഞ ഓരോ അഴിമതിയും സത്യമാണെന്ന് തെളിഞ്ഞു, ജനങ്ങൾ അത് തിരിച്ചറിഞ്ഞു. എന്നാൽ ഇതുവരെ ഒരു അഴിമതിയും അന്വേഷിക്കാൻ ഈ സർക്കാർ തയ്യാറായില്ല. രണ്ട് മാസം കഴിഞ്ഞാൽ യുഡിഎഫ് കേരളത്തിൽ വരും, അന്ന് ഈ അഴിമതികളെല്ലാം അന്വേഷിക്കും. അഴിമതിക്കാരുടെ കയ്യിൽ വിലങ്ങുവെച്ചുകൊണ്ടുപോവും.

നാടിന്റെ രക്ഷപ്പടുത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയുള്ള യാത്രയാണ് ഇത്രയും ദിവസം യുഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയത്. കേരളത്തിന് സദ്ഭരണം വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചുളള ഐശ്വര്യ കേരള യാത്ര വിജയമാണ്. കേരളത്തിലെ ജനങ്ങൾ മാറ്റം ആവശ്യപ്പെടുന്നു. അത് തനിക്ക് വ്യക്തമായി. കേരളത്തെ അഴിമതിയിൽ നിന്ന് രക്ഷപ്പെടുത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കടലിനെ അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ചതിന് കടലിന്റെ മക്കൾ പിണറായി വിജയന് ഒരിക്കലും മാപ്പ് നൽകില്ല. മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തുകയാണ് ഈ സർക്കാർ ചെയ്തത്. തൊഴിലാളികളോട് കാണിച്ച നെറികേടിന് മത്സ്യത്തൊഴിലാളികൾ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights:Ramesh Chennithala Aiswarya Kerala Yathra
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.