News

Get the latest news here

ഭരണകൂട നയങ്ങളോട് വിയോജിപ്പുള്ള പൗരന്മാരെ തടവറയിലാക്കാനാവില്ല; ടൂള്‍കിറ്റ് കേസില്‍ കോടതി

ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്ത ദിശാ രവിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഡൽഹി സെഷൻസ് കോടതി കേസിൽ ശക്തമായ നിരീക്ഷണങ്ങൾ നടത്തി. ദിശാരവിക്കെതിരെ രാജ്യദ്രോഹമുടക്കം ചുമത്തിയത് സൂചിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ഏതൊരു ജനാധിപത്യരാജ്യത്തും പൗരൻമാർ സർക്കാരിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണ്. ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന പൗരൻമാരെതടവറകളിലാക്കാൻ സാധിക്കില്ല ദിശാ രവിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ധർമേന്ദർ റാണ വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസങ്ങൾ, വിയോജിപ്പുകൾ,നിരാകരണങ്ങളുമെല്ലാം ആരോഗ്യകരവും ഊർജ്ജസ്വലവുമായജനാധിപത്യത്തിന്റെ അടയാളങ്ങളാണ്.

വ്യത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്ന പുരാതന ഇന്ത്യൻ നാഗരികതയുടെ ധാർമ്മികതയെക്കുറിച്ചും ജഡ്ജി വിധിന്യായത്തിൽ പരാമർശിച്ചു.നമ്മുടെ 5000 വർഷം പഴക്കമുള്ള ഈ നാഗരികത വൈവിധ്യമാർന്ന ഭാഗങ്ങളിൽ നിന്നുള്ള ആശയങ്ങളോട് ഒരിക്കലും വിമുഖത കാണിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.

22-കാരിയായ ദിശാ രവിയെ ഫെബ്രുവരി 13-ന് ബെംഗളൂരുവിൽ നിന്നാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ ത്യുൻബെ ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റ് രൂപകൽപന ചെയ്തതിനാണ് ദിശാ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമെന്ന വ്യവസ്ഥയിലാണ് കോടതി ഇന്ന് ദിശാ രവിക്ക് ജാമ്യം അനുവദിച്ചത്.

കർഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ടൂൾ കിറ്റും റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളും തമ്മിൽ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുണ്ടോയെന്ന് ഡൽഹി പോലീസിനോട് കോടതി ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെ ചോദിച്ചിരുന്നു.തെറ്റായ പശ്ചാത്തലമുള്ള ഒരാളെ കണ്ടുവെന്നതിന്റെ പേരിൽമാത്രം എങ്ങനെയാണ് ഒരു വ്യക്തിക്കെതിരേ ദുരുദ്ദേശ്യം ആരോപിക്കുകയെന്നും കോടതി ചോദിച്ചു.

Content Highlights:Citizens Cant Be Put Behind Bars Simply Because They Disagree With State Policies -Delhi Court
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.