News

Get the latest news here

നാവികസേനയ്ക്ക്‌ യുദ്ധക്കപ്പൽ നിർമിക്കാൻ കൊച്ചി കപ്പൽശാല

കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്ക് യുദ്ധക്കപ്പലുകൾ നിർമിച്ചു നൽകാൻ സന്നദ്ധത അറിയിച്ച് കൊച്ചി കപ്പൽശാല. അടുത്ത തലമുറയിൽപ്പെട്ട ആറു മിസൈൽ യുദ്ധക്കപ്പലുകൾ നിർമിക്കാൻ 10,000 കോടി രൂപയുടെ കരാറാണ് കപ്പൽശാല സമർപ്പിച്ചിരിക്കുന്നത്. ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ മാത്രമേ കരാർ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകൂ.

നാവികസേനയ്ക്കു വേണ്ടി അടുത്ത തലമുറ യുദ്ധക്കപ്പലുകൾ നിർമിക്കാനുള്ള കരാർ ലഭ്യമായാൽ അതു കൊച്ചി കപ്പൽശാലയ്ക്ക് വൻ കുതിപ്പാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടു ടാങ്കറുകൾ സൈന്യത്തിനു നിർമിച്ചു നൽകിയ കൊച്ചി കപ്പൽശാലയിലേക്ക് ഏഷ്യയിലെയും യൂറോപ്പിലെയും അന്താരാഷ്ട്ര കമ്പനികളിൽനിന്ന് നിർമാണ കരാറുകൾ വന്നിരുന്നു.

കപ്പൽ നിർമാണ രംഗത്ത് പുതിയ നാഴികക്കല്ലായി കൊച്ചി കപ്പൽശാല നേരത്തെ ഒറ്റ ദിവസം അഞ്ചു കപ്പലുകൾ ഒരുമിച്ച് നീറ്റിലിറക്കുകയും രണ്ടു പുതിയ കപ്പലുകൾക്ക് കീലിടുകയും ചെയ്തിരുന്നു. രാജ്യത്തെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലിന്റെ നിർമാണം കപ്പൽശാലയിൽ അന്തിമ ഘട്ടത്തിലാണ്.

Content Highlights:Cochin Shipyard bags Rs 10,000 crore Navy order for six missile vessels
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.