News

Get the latest news here

മുതിർന്ന പൗരന്മാർക്ക് വാക്സിൻ: രജിസ്‌ട്രേഷൻ ഇന്നുമുതൽ

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. വാക്സിനെടുക്കാൻ സൗകര്യപ്രദമായ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുക്കാം.

60 വയസ്സിനു മുകളിലുള്ള എല്ലാ പൗരൻമാർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള രോഗബാധിതർക്കുമാണ് രജിസ്ട്രേഷൻ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച് സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാൻ സൗകര്യമുണ്ടാകും. സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമാണ്. പൊതുജനങ്ങൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം.

രജിസ്ട്രേഷൻ നടപടി

കോവിൻ പോർട്ടൽ വഴിയും (https://www.cowin.gov.in) ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയൽ കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ എന്നിവ നൽകണം. മൊബൈൽ നമ്പറിന്റെ കൃത്യത ഉറപ്പാക്കാൻ ഒറ്റത്തവണ പാസ്വേഡ് അയച്ച് പരിശോധന നടത്തും.

രജിസ്ട്രേഷൻ സമയത്ത് വാക്സിനേഷൻ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകൾ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകൾ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാം.

വാക്സിനേഷൻ നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റെയും രേഖകളിൽ മാറ്റംവരുത്താനും ഒഴിവാക്കാനും കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 മുതൽ 59 വരെയാണെങ്കിൽ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം. രജിസ്ട്രേഷൻ പൂർത്തിയായാൽ രജിസ്ട്രേഷൻ സ്ലിപ്പ് അല്ലെങ്കിൽ ടോക്കൺ ലഭിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.

വാക്സിനെടുക്കാൻ എത്തുമ്പോൾ ആധാർ കാർഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകളും സ്വീകരിക്കും. 45 മുതൽ 59 വയസ്സ് വരെയുള്ളവരാണെങ്കിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Content Highlight: CoWIN Registration For Vaccine Opens Today
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.