News

Get the latest news here

രണ്ട് തവണ എംഎൽഎ ആയവർ മാറിനില്‍ക്കണം; 5 മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെ നിരവധി നേതാക്കള്‍ പുറത്ത്

കോഴിക്കോട് : തുടർച്ചയായി രണ്ട് തവണ എം.എൽ.എ. ആയവർ മത്സരത്തിൽ നിന്നു മാറി നിൽക്കുക എന്ന വ്യവസ്ഥ കർശനമാക്കി സി.പി.എം. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഈ നിലപാട് ആവർത്തിച്ചതോടെ അഞ്ച് മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെ ഒട്ടേറെ നേതാക്കളുടെ സാധ്യത ഇല്ലാതായി. മറ്റ് 17 എം.എൽഎ.മാരുമുണ്ട് രണ്ട് വ്യവസ്ഥയിൽ ഉൾപ്പെടുന്നവർ.

വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ സെക്രട്ടേറിയറ്റിന്റെ നിലപാട് വിശദമാക്കും. കമ്മിറ്റി അനുമതി കൂടി കിട്ടിയാൽ സി.പി.എമ്മിന്റെ സ്ഥാനാർഥിനിർണയത്തിലെ പ്രധാനഘട്ടം പൂർത്തിയാവും.

മന്ത്രിമാരായ ഇ.പി. ജയരാജൻ, ജി. സുധാകരൻ, തോമസ് ഐസക്, സി. രവീന്ദ്രനാഥ്, എ.കെ. ബാലൻ, സ്പീക്കർ പി. രാമകൃഷ്ണൻ എന്നിവരെല്ലാം രണ്ടുതവണ എന്ന കടമ്പയിൽപ്പെടും. സി. രവീന്ദ്രനാഥ് മത്സരത്തിനില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജയരാജന്റെയും ബാലന്റെയും പേരുകൾ അതത് ജില്ലകളിൽ നിന്ന് നിർദേശിക്കപ്പെട്ടിരുന്നില്ല. രണ്ടുതവണ തവനൂരിനെ പ്രതിനിധീകരിച്ച മന്ത്രി കെ.ടി. ജലീൽ സി.പി.എം. സ്വതന്ത്രനായാണ് സഭയിലെത്തിയത്. അദ്ദേഹത്തിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രണ്ടുതവണ പാർലമെന്റിലേക്ക് മത്സരിച്ചവരെയും പരിഗണിക്കേണ്ടതില്ലെന്ന് നേരത്തേ വ്യവസ്ഥ ചെയ്തിരുന്നു. ഇതോടെ പാലക്കാട്ടുനിന്ന് നിർദേശിക്കപ്പെട്ട എം.ബി. രാജേഷിനും വഴിയടഞ്ഞു.

വിവിധ ജില്ലാ സെക്രട്ടേറിയറ്റുകൾ യോഗംചേർന്ന് സമർപ്പിച്ച നിർദേശങ്ങളാണ് വ്യാഴാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

സംസ്ഥാന സെക്രട്ടേറിയറ്റ് വ്യവസ്ഥ കർശനമാക്കിയ സാഹചര്യത്തിൽ പട്ടികയിൽ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് അതത് ജില്ലാ കമ്മിറ്റികൾക്ക് ഇതിനകം നിർദേശം പോയിക്കഴിഞ്ഞു. എന്നാൽ, വിജയിക്കാനും സീറ്റ് നിലനിർത്താനും ചിലർ അനിവാര്യമാണെന്ന് ജില്ലാകമ്മിറ്റികൾ വീണ്ടും നിലപാട് സ്വീകരിച്ചാൽ സെക്രട്ടേറിയറ്റ് യോഗത്തിന് ആ പേരുകളിൽ പുനഃപരിശോധന ആവശ്യമായി വരും. അങ്ങനെ വന്നാൽ ഇപ്പോൾ മാറ്റിനിർത്തപ്പെട്ടവരിൽ ചിലരുടെ കാര്യത്തിൽ തീരുമാനം മാറിയേക്കാം.

Content Highlight: CPM Kerala assembly election 2021
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.