News

Get the latest news here

കറാച്ചി ബേക്കറി പൂട്ടി: പേരുമാറ്റാനുള്ള പ്രതിഷേധം മൂലമെന്ന് എംഎന്‍എസ്; അല്ലെന്ന് ഉടമകള്‍

മുംബൈ: ബാന്ദ്രയിലെ പ്രശസ്തമായ കറാച്ചി ബേക്കറി പ്രവർത്തനം അവസാനിപ്പിച്ചു. കോവിഡ് കാരണം കച്ചവടം കുറഞ്ഞതാണ് കാരണമെന്ന് ഉടമകൾ അറിയിച്ചു. എന്നാൽ പാക് പേരിനെച്ചൊല്ലിയുള്ള പ്രതിഷേധം കാരണമാണ് ബേക്കറി പൂട്ടിയതെന്ന് മഹാരാഷ്ട്ര നവനിർമാൺസേന(എം.എൻ.എസ്.) നേതാക്കൾ അവകാശപ്പെട്ടു. വിഭജനവേളയിൽ പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്കുവന്ന സിന്ധി ഹിന്ദു രാംനാനി കുടുംബമാണ് 1953-ൽ ബാന്ദ്രയിൽ കറാച്ചി ബേക്കറി തുടങ്ങിയത്. ഹൈദരാബാദ് കേന്ദ്രമായുള്ള ഈ പലഹാര നിർമാണശാലയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകളുണ്ട്.

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ബേക്കറിക്കെതിരേ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയിരുന്നു. പാകിസ്താനി പേരുള്ള സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അവരുടെ വാദം. ബേക്കറിയുടെ പേര് മാറ്റണമെന്ന് ചില ശിവസേനാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

എം.എൻ.എസിന്റെ പ്രതിഷേധം കാരണമാണ് കറാച്ചി ബേക്കറി പൂട്ടിയതെന്ന് പാർട്ടി വൈസ് പ്രസിഡന്റ് ഹാജി സൈഫ് ശൈഖ് അവകാശപ്പെട്ടു. ബേക്കറിയുടെ പേരു മാറ്റണമെന്നതായിരുന്നു തങ്ങളുടെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള കെട്ടിടത്തിന്റെ പാട്ടക്കാലവധി തീർന്നതും ബേക്കറി പൂട്ടാൻ കാരണമായെന്ന് ഉടമ രാമേശ്വർ വാഘ്മാരേ പറഞ്ഞു. ''വാടക കൂട്ടിയാലേ കരാർ പുതുക്കാനാവൂ എന്നാണ് സ്ഥലമുടമ പറയുന്നത്. കോവിഡുകാരണം ബേക്കറിയിൽ വിറ്റുവരവ് തീരേ കുറവാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വാടക നൽകാനാവില്ല. അതുകൊണ്ടാണ് പ്രവർത്തനം അവസാനിപ്പിച്ചത്. മുംബൈയിൽ വേറെ സ്ഥലത്ത് ബേക്കറി തുടങ്ങണോ എന്ന് തീരുമാനിച്ചിട്ടില്ല. ബേക്കറി പൂട്ടിയത് തങ്ങൾ കാരണമാണെന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ അങ്ങനെ ആയിക്കൊള്ളട്ടെ''- അദ്ദേഹം പറഞ്ഞു. ബാന്ദ്രയിൽ കറാച്ചി ബേക്കറി പ്രവർത്തിച്ച സ്ഥലത്ത് പുതിയ ഐസ് ക്രീം പാർലർ വന്നുകഴിഞ്ഞു.

Content Highlights:Karachi Bakery closes months after MNS threat to change name
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.