News

Get the latest news here

ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം; കേന്ദ്രം കണ്ണുരുട്ടി, സുരേന്ദ്രനും മുരളീധരനും മലക്കംമറിഞ്ഞു

ന്യൂഡൽഹി/തിരുവല്ല: മെട്രോമാൻ ഇ. ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയ പ്രഖ്യാപനത്തിന്മണിക്കൂറുകൾക്കുള്ളിൽ ബിജെപിയിൽ തിരുത്ത്. എൻ.ഡി.എ.യുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവനയിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.കേന്ദ്രം കണ്ണുരുട്ടിയതിന് പിന്നാലെ പ്രസ്താവനയിൽ കെ.സുരേന്ദ്രനും വി.മുരളീധരനും മലക്കം മറിഞ്ഞ് തിരുത്തുമായി രംഗത്തെത്തി.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ദേശീയ നേതൃത്വമാണ് സാധാരണഗതിയിൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനാർഥിമാരെ പ്രഖ്യാപിക്കുക. എന്നാൽ കേരളത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വത്തെ പോലും ഞെട്ടിച്ചിട്ടുണ്ട്. വിജയ യാത്രയ്ക്ക് തിരുവല്ലയിൽ നടന്ന സ്വീകരണ പരിപാടിയിലായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം. ദേശീയ മാധ്യമങ്ങളിലടക്കം ശ്രീധരൻ കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനത്തിന് വേണമെന്നുള്ളത് കൊണ്ടുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രൻ തിരുവല്ലയിൽ പറഞ്ഞു. ആദ്യം ഇത് സ്വാഗതംചെയ്ത കേന്ദ്രമന്ത്രി വി. മുരളീധരൻ പിന്നീട് തിരുത്തി.

ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് മുരളീധരൻ ട്വിറ്ററിൽ പ്രതികരിച്ചു. ഈ സന്ദേശം മാധ്യമങ്ങൾക്കും നൽകി. വൈകാതെതന്നെ ഈ സന്ദേശം തിരുത്തി മന്ത്രി വീണ്ടും ട്വിറ്ററിൽ പ്രസ്താവന നൽകി. മാധ്യമങ്ങളിലെ റിപ്പോർട്ടുകളിലൂടെയാണ് പാർട്ടി ഇത്തരത്തിൽ തീരുമാനം പ്രഖ്യാപിച്ചതായി മനസ്സിലാക്കിയത്. ഇതേക്കുറിച്ച് പാർട്ടി അധ്യക്ഷനോട് അന്വേഷിച്ചപ്പോൾ പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം അറിയിച്ചതെന്നുമായിരുന്നു മന്ത്രിയുടെ തിരുത്തൽ. പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന സുരേന്ദ്രനും പിന്നീട് പറയുകയുണ്ടായി.

കേരളത്തിന്റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി വിവരം ബിജെപി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് സുരേന്ദ്രന്റെ പ്രസ്താവനയെന്ന് അദ്ദേഹം അറിയിച്ചു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.