News

Get the latest news here

മുസ്ലിം പ്രീണനം നടത്തുന്നു; മുഖ്യമന്ത്രിക്കെതിരെ തൃശ്ശൂര്‍ അതിരൂപത, ചാണ്ടി ഉമ്മനെതിരെയും വിമര്‍ശനം

തൃശ്ശൂർ: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി തൃശ്ശൂർ അതിരൂപത. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നെന്ന് മുഖപത്രമായ കത്തോലിക്കാസഭയിലെ ലേഖനത്തിൽ ആരോപിക്കുന്നു. കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പരാമർശത്തെയും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട്.

യുഡിഎഫ് സർക്കാരിന്റെ മുസ്ലിം പ്രീണനം എൽഡിഎഫ് സർക്കാരും തുടരുകയാണെന്ന് മുഖപത്രത്തിൽ പറയുന്നു. കെ.ടി. ജലീൽ വഴിയാണ് മുസ്ലിം പ്രീണനം നടത്തുന്നത്. അർഹതപ്പെട്ട പല ആനുകൂല്യങ്ങളും പദവികളും ക്രൈസ്തവ സമുദായത്തിന് നിഷേധിച്ചുകൊണ്ടാണ് ഇത് നടക്കുന്നത്. ഫണ്ട് വിഹിതത്തിലടക്കം തങ്ങളെ അവഗണിക്കുന്നതിനൊപ്പം മുസ്ലിം വിഭാഗത്തിന് അർഹതയില്ലാത്ത അവകാശങ്ങളും അധികാരങ്ങളും കൊടുക്കുകയും ചെയ്യുന്നു എന്നും പത്രം വിമർശിക്കുന്നു.

ന്യൂപക്ഷ ക്ഷേമ ഫണ്ടിൽ യാതൊരു തിരിമറിയും നടന്നിട്ടില്ല, മുസ്ലിം സമുദായം അനർഹമായി ഒന്നും നേടിയിട്ടില്ല തുടങ്ങി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് ആരോപണം. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള തന്ത്രമാണിതെന്നും അതിരൂപത വിമർശിക്കുന്നു.

ഹാഗിയ സോഫിയ പരാമർശത്തിൽ ചാണ്ടി ഉമ്മനെതിരെയും പത്രം വിമർശനമുന്നയിക്കുന്നുണ്ട്. മതേതര കേരളം ഒരു തരത്തിലും ചാണ്ടി ഉമ്മന്റെ പരാമർശത്തിന് മാപ്പുകൊടുക്കില്ല. ഹാഗിയ സോഫിയയിൽ നടന്നത് മുസ്ലിം തീവ്രവാദി ആക്രമണമാണ്. എന്നാൽ അതിനെതിരെ വഴിവിട്ട ഒരു പരാമർശം പോലും തങ്ങൾ നടത്തിയിട്ടില്ല. ചരിത്രം ഇങ്ങനെയാണെന്നിരിക്കേ ചരിത്രവിരുദ്ധമായി പറയുന്നത് ചാണ്ടി ഉമ്മന് ഗുണംചെയ്യില്ലെന്നും പൊതുസമൂഹത്തിനു മുന്നിൽ അപഹാസ്യനാകാൻ അത് ഇടയാക്കുമെന്നും മുഖപത്രത്തിൽ എടുത്തുപറയുന്നു.

Content Highlights:Archdiocese of Thrissur against the Chief Minister Pinarayi Vijayan
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.