News

Get the latest news here

നന്ദിഗ്രാമില്‍ മമതയ്‌ക്കെതിരെ സുവേന്ദു അധികാരി; ബി.ജെ.പി. സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടിക ബി.ജെ.പി. പുറത്തിറക്കി. ആദ്യ രണ്ടു ഘട്ടങ്ങളിൽ ജനവിധി തേടുന്ന 57 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് എട്ടുഘട്ടമായാണ് നടത്തുന്നത്.

തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയെയാണ് നന്ദിഗ്രാമിൽ മമതയ്ക്കെതിരെ ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത്. തൃണമൂലിൽ ആയിരുന്നപ്പോൾ മമതയുടെ അടുത്ത അനുയായി ആയിരുന്നു സുവേന്ദു.

മമതാ സർക്കാരിലെ ഗതാഗത-പരിസ്ഥിതി വകുപ്പു മന്ത്രിയായിരുന്ന സുവേന്ദു ഡിസംബറിലാണ് രാജിവെച്ച് ബി.ജെ.പിയിൽ എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു സുവേന്ദു ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. 2016 ൽ നന്ദിഗ്രാമിൽനിന്നാണ് സുവേന്ദു നിയമസഭയിലെത്തിയത്.

തിരഞ്ഞെടുപ്പിൽ താൻ ഒരു മണ്ഡലത്തിൽനിന്നേ മത്സരിക്കുന്നുള്ളൂവെന്നും അത് നന്ദിഗ്രാം ആണെന്നും വെള്ളിയാഴ്ച മമത വ്യക്തമാക്കിയിരുന്നു. നേരത്തെ ഭവാനിപുറിൽനിന്നോ നന്ദിഗ്രാമിൽനിന്നോ ജനവിധി തേടുമെന്നായിരുന്നു മമത പറഞ്ഞിരുന്നത്. താൻ നന്ദിഗ്രാമിൽ തന്നെ മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചതോടെ കടുത്ത പോരാട്ടത്തിനാണ് മണ്ഡലം വേദിയാകുന്നത്.

ഡോ. അംബുജാക്ഷ മഹന്തി(പടാഷ്പുർ), സുനിത സിംഘ(കാന്തി ഉത്തർ), ശന്തനു പ്രമാണിക്(ഖേജുരി), അരൂപ് കുമാർ ദാസ്(എഗ്ര), ബാകുൽ മുർമു(നയഗ്രാം) തുടങ്ങിയവരാണ് ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

അതേസമയം മുൻ ഐ.പി.എസ്. ഓഫീസർ ഭാരതി ഘോഷ്(ദേബ്ര), അമൂല്യ മെയ്തി(സബാങ്), ശീതൽ കപട്(ഘട്ടൽ), താപഷി മൊണ്ടൽ(ഹാൽദിയ) തുടങ്ങിയവർ രണ്ടാംഘട്ടത്തിൽ ജനവിധി തേടും. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.

content highlights: bjp fields suvendu adhikari against mamata banerjee in nandigram
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.