News

Get the latest news here

മാധ്യമങ്ങളിലൂടെ ദേശീയ-അന്താരാഷ്ട്ര പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന്റെ കർമപദ്ധതി

ന്യൂഡൽഹി: മാധ്യമങ്ങളിലൂടെ അനുകൂലവാർത്തകളുമായി പ്രതിച്ഛായ മെച്ചപ്പെടുത്താൻ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ. സർക്കാർവിരുദ്ധവാർത്തകൾ വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്നതിനാൽ ദേശീയ-അന്താരാഷ്ട്രതലത്തിൽ വാർത്താപ്രാധാന്യമുണ്ടാക്കി അനുകൂല പരിസരമൊരുക്കുകയാണ് ലക്ഷ്യം.

ഇതിനായി രൂപവത്കരിച്ച മന്ത്രിതലസമിതി പലവട്ടം യോഗങ്ങൾ ചേർന്ന് തന്ത്രങ്ങൾ ആവിഷ്കരിച്ചെന്നാണ് റിപ്പോർട്ടുകൾ. എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായ മാധ്യമപ്രവർത്തകർക്ക് പ്രത്യേക കളർകോഡ് നൽകുന്നതടക്കമുള്ള ശുപാർശകൾ മന്ത്രിതലസമിതി പരിഗണിക്കുന്നതായും അറിയുന്നു.

സർക്കാരിന്റെ ആശയവിനിമയം എങ്ങനെ മെച്ചപ്പെടുത്താം എന്ന പ്രമേയത്തിൽ തയ്യാറാക്കിയിട്ടുള്ള 97 പേജുള്ള റിപ്പോർട്ടിൽ ഓൺലൈൻ വഴിയും അന്താരാഷ്ട്ര മാധ്യമവേദികളിലൂടെയുമുള്ള നെഗറ്റീവ് വാർത്തകൾക്കു തടയിടണമെന്നാണ് വിലയിരുത്തൽ. വാർത്താപ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കർ, ഐ.ടി-നിയമമന്ത്രി രവിശങ്കർ പ്രസാദ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി, ന്യൂനപക്ഷക്ഷേമമന്ത്രി മുക്താർ അബ്ബാസ് നഖ്വി, യുവജനക്ഷേമമന്ത്രി കിരൺ റിജിജു, ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ, വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി, പരിസ്ഥിതിസഹമന്ത്രി ബാബുൽ സുപ്രിയോ എന്നിവരടങ്ങുന്നതാണ് മന്ത്രിതലസമിതി.

2020 ജൂൺ 14 മുതൽ ജൂലായ് ഒമ്പതുവരെ ആറുദിവസങ്ങളിൽ സമിതി യോഗം ചേർന്നു. പ്രമുഖ വ്യക്തികൾ, പ്രമുഖ മാധ്യമപ്രവർത്തകർ, വ്യവസായ സംഘടനാപ്രതിനിധികൾ തുടങ്ങിയവരുമായി പ്രത്യേക കൂടിക്കാഴ്ചകളും സംഘടിപ്പിച്ചു.

സർക്കാരിനെക്കുറിച്ച് തെറ്റായ ധാരണയുണ്ടാക്കൽ ദേശീയ-അന്താരാഷ്ട്രതലത്തിൽ നേരിടേണ്ടതുണ്ടെന്ന് ജാവഡേക്കർ യോഗത്തിൽ അഭിപ്രായപ്പെട്ടതായി അറിയുന്നു. വസ്തുതകളില്ലാതെ കേന്ദ്രവിരുദ്ധവാർത്തകൾ എഴുതുന്നവരെ നിഷ്പക്ഷരാക്കാൻ പരിശ്രമം വേണമെന്ന് മുക്താർ അബ്ബാസ് നഖ്വിയും ഇപ്പോൾ കർമരംഗത്തില്ലാത്ത മാധ്യമപ്രവർത്തകരെ പ്രയോജനപ്പെടുത്തണമെന്ന് ഹർദീപ് പുരിയും അഭിപ്രായപ്പെട്ടു. മറ്റുരാജ്യങ്ങളിലെ വലതുപക്ഷക്കാരെ ഉപയോഗപ്പെടുത്തണമെന്ന് അനുരാഗ് ഠാക്കൂറും പറഞ്ഞു.

മന്ത്രി കിരൺ റിജിജുവിന്റെ വസതിയിൽ 12 പ്രമുഖ മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടന്നു. സർക്കാരിനെക്കുറിച്ചുള്ള നല്ല വാർത്തകൾ പ്രചരിപ്പിക്കാൻ അനുകൂലമനോഭാവമുള്ള എഡിറ്റർമാർ, കോളമിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, അവതാരകർ തുടങ്ങിയവരുടെ പ്രത്യേക ഗ്രൂപ്പുണ്ടാക്കണമെന്നും ശുപാർശയുണ്ടായി. മാധ്യമപ്രവർത്തകരിൽ അനുകൂലിക്കുന്നവർക്കു വെള്ള, എതിർക്കുന്നവർക്ക് കറുപ്പ്, നിഷ്പക്ഷർക്ക് പച്ച എന്നിങ്ങനെ കളർകോഡു നൽകാവുന്നതാണെന്ന് മാധ്യമപ്രവർത്തകൻ നിതിൻ ഗോഖലെ നിർദേശം മുന്നോട്ടുവെച്ചു. എന്നാൽ, ഇങ്ങനെയൊരു ഭാഷ ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം നിഷേധിച്ചു.

Content Highlights:Centre to enhance national and international image through media
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.