News

Get the latest news here

ഇന്ദിരയുടെ വരവും ലാത്തിച്ചാര്‍ജുംപിന്നെയൊരു മുദ്രാവാക്യവും

കോന്നി : അതൊരു സംഭവമായിരുന്നു. 1982-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി.ജെ.തോമസിന് വോട്ട് തേടിയാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കോന്നിയിൽ എത്തിയത്. കൊയ്ത്ത് കഴിഞ്ഞ മഠത്തിൽകാവ് ക്ഷേത്ര വയലായിരുന്നു സമ്മേളനവേദി.

ചൈനാമുക്ക് ഗുരുമന്ദിരം പടിയിൽനിന്നു ക്ഷേത്രത്തിലേക്കുള്ള വഴിയോട് ചേർന്നാണ് സ്റ്റേജ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മൈതാനിയിൽ ഹെലികോപ്ടറിൽ ഇറങ്ങിയ ഇന്ദിരാഗാന്ധി അവിടെനിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കുമ്പഴ-ഇളകൊള്ളൂർ റോഡ് വഴിയാണ് സമ്മേളന സ്ഥലത്ത് എത്തിയത്. റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡ് കെട്ടി തിരിച്ചിട്ടു. പൂഴിവീണാൽ താഴാത്തവിധം ജനസാഗരമായിരുന്നു കോന്നിയിലെന്ന് അന്നുണ്ടായിരുന്നവർ പറയുന്നു. ആൾക്കൂട്ടവും ജനങ്ങളുടെ ആവേശവും കണ്ടപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം ഉറപ്പിച്ചു.

സി.പി.എമ്മിലെ വി.എസ്. ചന്ദ്രശേഖരൻ പിള്ളയായിരുന്നു എതിർ സ്ഥാനാർഥി. സമ്മേളനവേദി ഒരുക്കിയിരുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് സ്വാധീനമുള്ള ചൈനാമുക്ക് കഴിഞ്ഞാണെന്നത് പോലീസിനേയും ആശങ്കയിലാക്കി. ചൈനാമുക്കിൽ വിക്ടറി കോളേജിനോട് ചേർന്ന് ചെങ്കൊടികൾകൊണ്ട് അലങ്കരിച്ചിരുന്നു. ഇന്ദിരാഗാന്ധി പ്രസംഗിച്ച വേദിയുടെ എതിർവശത്തുള്ള കാഞ്ഞിക്കുളത്തുപാറയിൽ സി.പി. എമ്മിന്റെ ചിഹ്നം വരച്ചുവെച്ചു. ഇന്ദിരാഗാന്ധി കടന്നുവന്നപ്പോൾ ചൈനാ മുക്കിൽ ഇടതുപക്ഷ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി അണിനിരന്നു. ഇവരുടെ നേരേ പാഞ്ഞടുത്ത പോലീസ് ലാത്തിച്ചാർജ് നടത്തി. അടികൊണ്ട് പ്രവർത്തകർ ഓടിയപ്പോൾ വള്ളിച്ചെരിപ്പുകളുടെ കൂമ്പാരമായിരുന്നു സ്ഥലത്ത്. ഇപ്പോഴത്തെ പത്തനംതിട്ട എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറിയും അന്നത്തെ എസ്.എഫ്.ഐ. പ്രവർത്തകനുമായ ബി.അനിൽ കുമാർ അന്ന് നടന്ന പോലീസ് ലാത്തിച്ചാർജിനെക്കുറിച്ച് ഓർത്തെടുത്തു.

ഇന്ദിരാഗാന്ധിയുടെ പ്രസംഗം സി.എം.സ്റ്റീഫനാണ് തർജിമ ചെയ്തത്. അന്നത്തെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി വി.എസ്. ചന്ദ്രശേഖരൻ പിള്ളയാണ് ജയിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ ജയം ആഘോഷിച്ച പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യം ഇന്ദിര വന്നു പറഞ്ഞിട്ടും കോന്നിയിൽ പൊട്ടിയ കോൺഗ്രസ് എന്നായിരുന്നു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.