News

Get the latest news here

കേരളത്തില്‍ എല്‍ഡിഎഫ് 82 സീറ്റുകളില്‍ വിജയിച്ചേക്കുമെന്ന് ടൈംസ് നൗ-സി വോട്ടര്‍ സര്‍വെ

ന്യൂഡൽഹി: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) 140 സീറ്റുകളിൽ 82-ഉം വിജയിച്ചേക്കുമെന്ന് ടൈംസ് നൗ- സി വോട്ടർ സർവെ. ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) 56 സീറ്റുകളിൽ വിജയിച്ചേക്കുമെന്നും ബിജെപി ഒരു സീറ്റിൽ ഒതുങ്ങുമെന്നും സർവെ പ്രവചിക്കുന്നു.

എൽഡിഎഫ് 78 മുതൽ 86 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന്52 മുതൽ 60 സീറ്റുകൾ വരെ ലഭിക്കാം. ബിജെപിക്ക് 0-2 സീറ്റുകൾ ലഭിക്കാനാണ് സാധ്യത. എൽഡിഎഫിന്റെ വോട്ട് ഷെയറിൽ 0.6 ശതമാനം കുറവ് വരുമെന്നും സർവെ പ്രവചിക്കുന്നു. 2016-ൽ 43.5 ശതമാനം വോട്ട് ഷെയർ ഉണ്ടായിരുന്നത് 2021 ൽ 42.9 ശതമാനമായി കുറയും. യുഡിഎഫിന്റെ വോട്ട് ഷെയർ 38.8 ശതമാനത്തിൽനിന്ന് 37.6 ശതമാനമായി കുറയും.

മുഖ്യമന്ത്രിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ പിണറായി വിജയനാണ് ഒന്നാം സ്ഥാനത്ത്. 42.34 ശതമാനംപേർ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ സംതൃപ്തി രേഖപ്പെടുത്തി. സർക്കാരിന്റെ പ്രവർത്തനത്തിൽ 36.36 ശതമാനം പേർ അതീവ സംതൃപ്തിയും 39.66 ശതമാനം പേർ സംതൃപ്തിയും രേഖപ്പെടുത്തി. കേരളത്തിൽനിന്ന് സർവെയിൽ പങ്കെടുത്ത 55.84 ശതമാനം പേരും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. 31.95 ശതമാനം പേർ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

അതിനിടെ, കോൺഗ്രസ് മതിയായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ സർവേയോട് പ്രതികരിച്ചു. ദിവസങ്ങൾ കടന്നു പോകുന്നതോടെ എൽഡിഎഫിനുള്ള ജനപിന്തുണ കുറഞ്ഞുവരികയും യുഡിഎഫിനുള്ള ജനപിന്തുണ വർധിച്ചുവരികയുമാണ്. അതിനാൽ സർവേയിൽ വിശ്വാസമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ എൽഡിഎഫ് നൂറ് സീറ്റിലധികം നേടുമെന്ന് സിപിഎം എംഎൽഎ എ.എൻ ഷംസീർ പ്രതികരിച്ചു. എൽജെഡി അടക്കമുള്ള പാർട്ടികൾ മുന്നണിയിൽ എത്തിയത് ഇത്തവണത്തെ പ്രകടനം മെച്ചപ്പെടുത്തുമെന്നും ഷംസീർ ചൂണ്ടിക്കാട്ടി.

Content Highlights:LDF likely to win 82 seats in Kerala Assembly Elections
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.