News

Get the latest news here

ബൂത്തിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു;ബോംബേറില്‍ ഇടതുകാല്‍ ചിന്നിച്ചിതറി,മരണകാരണം രക്തംവാര്‍ച്ച

കോഴിക്കോട്: പാനൂർ പുല്ലൂക്കര മുക്കിൽപീടികയിലുണ്ടായ അക്രമങ്ങളിൽ പരിക്കേറ്റ മൻസൂർ (21) മരിച്ചത് ബോംബേറിൽ കാലിനേറ്റ മുറിവിൽനിന്ന് രക്തംവാർന്നതുകൊണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫൊറൻസിക് വിഭാഗം മേധാവി ഡോ. പ്രസന്നന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ 1.15-നാണ് മൻസൂർ മരിച്ചത്. ചൊവ്വാഴ്ച രാത്രി മുക്കിൽപീടികയിലുണ്ടായ ബോംബേറിലും അക്രമത്തിലും ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ കണ്ണൂരിലും വടകര സഹകരണ ആശുപത്രിയിലും പരിശോധിച്ചെങ്കിലും രാത്രിയോടെ കോഴിക്കോട്ടെത്തിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 2.15-നാണ് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവന്നു. 4.15-ന് പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം മുസ്ലിംലീഗ് പ്രവർത്തകരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. സി.എച്ച്. ഡയാലിസിസ് സെന്ററിലെ മയ്യത്ത് നിസ്കാരത്തിനുശേഷം സ്വദേശമായ പെരിങ്ങത്തൂരിലേക്കു കൊണ്ടുപോയി.

മൻസൂറിന്റെ മരണവാർത്തയറിഞ്ഞ് ജില്ലയിലെ മുസ്ലിംലീഗ്, കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാവിലെ 11 മണിയോടെ മെഡിക്കൽ കോളേജ് മോർച്ചറിക്കു സമീപമെത്തിയിരുന്നു. എം.കെ. മുനീർ എം.എൽ.എ., കെ.പി.എ. മജീദ്, പി.എം.എ. സലാം, നൂർബിന റഷീദ്, എം.എ. റസാക്ക്, ഡി.സി.സി. സെക്രട്ടറി ദിനേശ് പെരുമണ്ണ, കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്ത് തുടങ്ങിയവർ മെഡിക്കൽ കോളേജിലെത്തി.

ധർമടം സി.ഐ. എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് പൂർത്തീകരിച്ചത്. കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ബുധനാഴ്ച യു.ഡി.എഫ്. ഹർത്താൽ ആചരിച്ചു. സംസ്ഥാനതലത്തിൽ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും യൂത്ത് ലീഗ് പ്രതിഷേധമാർച്ച് നടത്തി.

ബൂത്തിലെ വാക്തർക്കമെത്തിയത് കൊലപാതകത്തിൽ

പെരിങ്ങത്തൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിലെത്തിയത് ചൊവ്വാഴ്ച പുല്ലൂക്കരയിലെ ബൂത്തിൽ ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കവും വാക്കേറ്റവും.

മൻസൂറിന്റെ സഹോദരൻ മുഹ്സിന് ബൂത്ത് ഏജന്റിന്റെ ചുമതലയുണ്ടായിരുന്നു. തിരഞ്ഞെടുപ്പുദിവസം ഉച്ചയോടെ പുല്ലൂക്കരയിലെ തയ്യുള്ളതിൽ എൽ.പി. സ്കൂൾ ബൂത്ത് പരിസരത്ത് യൂത്ത് ലീഗ്, സി.പി.എം. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവുമുണ്ടായി. ഇതിൽ പരിക്കേറ്റ രണ്ട് സി.പി.എം. പ്രവർത്തകർ ആശുപത്രിയിലുമായി. ഇതുസംബന്ധിച്ച പരാതിയിൽ ചൊക്ലി പോലീസ് കേസെടുത്തു. ഇവിടെ പിന്നീട് ശക്തമായ പോലീസ് സാന്നിധ്യവുമുണ്ടായിരുന്നു.

വോട്ടെടുപ്പ് അവസാനിച്ചശേഷമാണ് മുക്കിൽപീടികയിൽ അക്രമം തുടങ്ങിയത്. നേരത്തേയുണ്ടായ അക്രമത്തിനു പകരംവീട്ടുമെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ ഭീഷണിയുണ്ടായതായി യൂത്ത് ലീഗ് നേതൃത്വം പറയുന്നു. ഈ വിവരം പോലീസിനെ അറിയിച്ചിരുന്നതായി എം.എസ്.എഫ്. സംസ്ഥാന ഖജാൻജി സി.കെ. നജാഫും പറഞ്ഞു. ഭീഷണിക്കാര്യം അറിയിച്ചിട്ടും പോലീസ് വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന് ലീഗ് പ്രവർത്തകർക്ക് പരാതിയുണ്ട്.

ലക്ഷ്യം താനെന്ന് സഹോദരൻ

അക്രമികൾ ലക്ഷ്യമിട്ടത് തന്നെയാണെന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലുള്ള മുഹ്സിൻ പറഞ്ഞു. ഇദ്ദേഹം യൂത്ത് ലീഗിന്റെ സജീവപ്രവർത്തകനാണ്. സംഭവം നടക്കുന്നതിനിടെ പരിസരത്തുനിന്ന് നാട്ടുകാർ ഒരാളെ പിടികൂടി. ബോംബ് സ്ഫോടനത്തിൽ ഇവിടത്തെ വീട്ടമ്മയുടെ ചെവി തകരാറിലായി.

സംഭവത്തിനുശേഷം കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമെത്തി ഒരു സി.പി.എം. പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു. നാട്ടിലെത്തിച്ച മൃതദേഹം മോന്താൽവഴി വിലാപയാത്രയായി പെരിങ്ങത്തൂർ എൻ.എ.എം. സ്കൂൾ മൈതാനത്തും മുക്കിൽപീടികയിലും പൊതുദർശനത്തിനു വെച്ചു.

Content Highlights:kannur panoor iuml worker murder
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.