News

Get the latest news here

എല്‍ഡിഎഫ് പ്രതീക്ഷ 82-85, യു.ഡി.എഫ് 75-80, എൻ.ഡി.എ-5; തൂത്തുവാരല്‍ പ്രതീക്ഷ ഇല്ലാതെ മുന്നണികള്‍

തിരുവനന്തപുരം: നിയമസഭാതിരഞ്ഞടുപ്പിൽ വിജയത്തിൽക്കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും സീറ്റുകൾ തൂത്തുവാരുമെന്ന് പറയാൻ നേതാക്കളാരും തയ്യാറല്ല. ചെയ്യാതെപോയ ഇരട്ടവോട്ടുകളടക്കം കണക്കുകൂട്ടലുകളെ അട്ടിമറിക്കുമോയെന്നു ആശങ്കയുണ്ട് നേതാക്കൾക്ക്. ഡീൽ അല്ലെങ്കിൽ വോട്ടുചോർച്ചയുടെ സൂചനതിരഞ്ഞെടുപ്പ് പൂർത്തിയായതിനുപിന്നാലെ നേതാക്കൾതന്നെ പുറത്തുവിട്ടുതുടങ്ങി.

ഇടതുമുന്നണി പ്രതീക്ഷ 82-85 സീറ്റ്

ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസത്തിൽനിന്ന് അണുവിട ഇടതുമുന്നണി പിന്നോട്ടുപോയിട്ടില്ല. 82-85 സീറ്റാണ് പ്രതീക്ഷ. പലമണ്ഡലങ്ങളിലുമുണ്ടായ അപ്രതീക്ഷിത അടിയൊഴുക്കിൽ വോട്ട് എങ്ങോട്ടുപോയെന്നത് സി.പി.എമ്മിനെ ചെറുതായെങ്കിലും അലട്ടുന്നുണ്ട്. പാർട്ടിയിലെ ഹിന്ദുവോട്ട് ബി.ജെ.പി.ക്ക് അനുകൂലമായിട്ടുണ്ടോയെന്ന് പരിശോധനയും നേതാക്കൾ നടത്തുന്നു. ഭരണത്തുടർച്ചയെന്ന അവകാശത്തിനുകാരണമായി മുഖ്യമന്ത്രിയുടെ പ്രവർത്തനനേട്ടങ്ങൾ മാത്രമായി ചുരുക്കിയെന്നതും ക്യാപ്റ്റൻ പ്രയോഗത്തിലൂടെയുള്ള അമിത ആത്മവിശ്വാസവുമാക്കെയാണ് വോട്ടിനുശേഷവുമുള്ള ചർച്ച.

യു.ഡി.എഫ്. പ്രതീക്ഷ75 മുതൽ 80 വരെ

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മലബാർമേഖലയിലും നല്ലമുന്നേറ്റമാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനു ജീവന്മരണ പോരാട്ടമായ തിരഞ്ഞെടുപ്പിൽ കാലുവാരൽ ഉണ്ടായിട്ടില്ലെന്നതാണ് അവരുടെ ധൈര്യം. ഇരട്ടവോട്ട് വിവാദത്തെത്തുടർന്ന് കള്ളവോട്ട് തടഞ്ഞതോടെ പലമണ്ഡലങ്ങളിലും വിജയസാധ്യത ഇരട്ടിയായെന്നും യു.ഡി.എഫ്. പറയുന്നു. 75 മുതൽ 80 വരെ സീറ്റുകിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.

എൻ.ഡി.എ. പ്രതീക്ഷ അഞ്ചുസീറ്റ്

എങ്ങനെയെന്നുപറയുന്നില്ലെങ്കിലും 35 മുതൽ 40 വരെ സീറ്റുകിട്ടിയാൽ സർക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി. ആവർത്തിക്കുന്നു. നേമം ഉൾപ്പെടെ അഞ്ചുസീറ്റെങ്കിലും നേടാനാകുമെന്നാണ് അവരുടെ രഹസ്യവിലയിരുത്തൽ. പാർട്ടിക്ക് നല്ലവേരോട്ടമുള്ള 45-ലധികം മണ്ഡലങ്ങളിൽ സി.പി.എമ്മും കോൺഗ്രസും പരസ്പരം വോട്ടുമറിച്ചുണ്ടെന്നാണ് എൻ.ഡി.എ.യുടെ ആരോപണം. ഇരുമുന്നണികൾക്കും ബദലായി നിർണായകസ്ഥാനം ഇക്കുറി കേരളം നൽകുമെന്നും ബി.ജെ.പി. പ്രതീക്ഷിക്കുന്നു.

Content Highlights:kerala assembly electionresult expectation
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.