By
Admin
/
Apr 08, 2021 //
Editor's Pick /
മത്സരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല, സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരണം - ഇ.പി ജയരാജന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിൽ നിരാശാബോധമില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് നിരാശ തോന്നിയിട്ടുണ്ടെങ്കിൽ തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയുള്ള കാലം പാർട്ടിക്കായി പ്രവർത്തിക്കണം. സാധാരണ പാർട്ടി പ്രവർത്തകനായി തുടരാനാണ് ആഗ്രഹം. മന്ത്രിസഭയിലെ രണ്ടാമൻ എന്നെല്ലാം മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നതാണ്. മന്ത്രിയാകുന്നതിനേക്കാൾ പാർട്ടി സ്ഥാനങ്ങൾക്കാണ് പ്രാധാന്യം. രണ്ടു തവണ തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കാനുള്ള പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ് മത്സരരംഗത്തുനിന്ന് വിട്ടുനിന്നത്. പാർട്ടിയിലെ കൂടുതൽ ചെറുപ്പക്കാർ മുൻനിരയിലേക്ക് കടന്നുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനുമായി യാതൊരു പ്രശ്നവുമില്ല. അദ്ദേഹവുമായുള്ള ആത്മബന്ധത്തിന് ആർക്കും കോട്ടമുണ്ടാക്കാൻ സാധിക്കില്ല. അതത്ര ദൃഢമാണ്. ഒരുതരത്തിലുള്ള തർക്കങ്ങളും ഞങ്ങൾ തമ്മിലുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. മറിച്ചുള്ള നിലവാരമില്ലാത്ത പ്രചാരണം മുഖവിലക്കെടുക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി കരുത്തനായ നേതാവാണ്. അദ്ദേഹത്തെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ച പ്രയോഗം തെറ്റായി കാണേണ്ടതില്ല. ഒരു ആൾക്കൂട്ടത്തിന് വിപ്ലവകരമായ ദൗത്യം നിർവഹിക്കാനും പ്രശ്നം പരിഹരിക്കാനും സാധിക്കില്ല.ലക്ഷ്യം നിർവഹിക്കണമെങ്കിൽ ഒരു ക്യാപ്റ്റൻ വേണം. ലക്ഷ്യബോധമുള്ള നേതൃത്വം ഉണ്ടെങ്കിൽ മാത്രമേ സൈന്യത്തെ നയിക്കാൻ സാധിക്കൂ. അതിനാൽ ക്യാപ്റ്റൻ പ്രയോഗം ഒരു തെറ്റുമില്ലാത്ത പദപ്രയോഗമാണെന്നും ജയരാജൻ വ്യക്തമാക്കി.
content highlights:wants to continue as a regular party worker says EP Jayarajan
Related News
Comments