News

Get the latest news here

കമ്മിന്‍സിന്റെയും റസ്സലിന്റെയും പോരാട്ടം വിഫലം; കൊല്‍ക്കത്തയ്ക്ക് 18 റണ്‍സ് തോല്‍വി

മുംബൈ: ഐ.പി.എല്ലിൽ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 18 റൺസ് തോൽവി.

ചെന്നൈ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 19.1 ഓവറിൽ 202 റൺസിന് ഓൾഔട്ടായി.

34 പന്തിൽ ആറു സിക്സും നാല് ഫോറുമടക്കം 66 റൺസെടുത്ത് പുറത്താകാതെ നിന്ന പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.

ആന്ദ്രേ റസ്സൽ 22 പന്തിൽ നിന്ന് ആറു സിക്സും മൂന്നു ഫോറുമടക്കം 54 റൺസെടുത്തു.

തുടക്കത്തിൽ പന്തുകൊണ്ട് രാഹുൽ ചാഹർ തിളങ്ങിയതോടെ ഒരു ഘട്ടത്തിൽ 5.2 ഓവറിൽ 31 റൺസിന് അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെട്ട് ദയനീയ സ്ഥിതിയിലായിരുന്നു കൊൽക്കത്ത.

നിതിഷ് റാണ (9), ശുഭ്മാൻ ഗിൽ (0), രാഹുൽ ത്രിപാഠി (8), ഓയിൻ മോർഗൻ (7), സുനിൽ നരെയ്ൻ (4) എന്നിവരെല്ലാം ആറ് ഓവർ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഡ്രസ്സിങ് റൂമിൽ മടങ്ങിയെത്തി.

രാഹുൽ ചാഹർ നാല് ഓവറിൽ 29 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

പിന്നീട് ആറാം വിക്കറ്റിൽ ദിനേഷ് കാർത്തിക്ക് - ആന്ദ്രേ റസ്സൽ സഖ്യം ഒത്തുചേർന്നതോടെയാണ് കൊൽക്കത്ത ഇന്നിങ്സിന് ജീവൻ വെച്ചത്. ഇരുവരും അതിവേഗത്തിൽ 81 റൺസ് കൊൽക്കത്ത സ്കോറിലേക്ക് ചേർത്തു.

12-ാം ഓവറിൽ റസ്സലിനെ മടക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ദിനേഷ് കാർത്തിക്ക് 24 പന്തിൽ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 40 റൺസെടുത്തു.

തുടർന്ന് തകർത്തടിച്ച പാറ്റ് കമ്മിൻസ് കൊൽക്കത്തയെ വിജയത്തിലെത്തിക്കുമെന്ന തോന്നലുയർത്തി. പക്ഷേ അവസാന ഓവറിൽ പ്രസിദ്ധ് കൃഷ്ണ റണ്ണൗട്ടായതോടെ കൊൽക്കത്തയുടെ പ്രതീക്ഷ അവസാനിച്ചു.

ചെന്നൈക്കായി ലുങ്കി എൻഗിഡി നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, അർധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിയുടെയും റുതുരാജ് ഗെയ്ക്വാദിന്റെയും മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു.

60 പന്തിൽ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 95 റൺസെടുത്ത ഡുപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ.

ഓപ്പണിങ് വിക്കറ്റിൽ റുതുരാജ് - ഡുപ്ലെസി സഖ്യം കൂട്ടിച്ചേർത്ത 115 റൺസാണ് ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്.

സീസണിൽ ആദ്യമായി ഫോമിലെത്തിയ റുതുരാജ് 42 പന്തിൽ നിന്ന് നാലു സിക്സും ആറു ഫോറുമടക്കം 64 റൺസെടുത്തു.

റുതുരാജ് പുറത്തായ ശേഷമെത്തിയ മോയിൻ അലി 12 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 25 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ഡുപ്ലെസിയുമൊത്ത് 50 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് അലി പുറത്തായത്.

ധോനി എട്ടു പന്തിൽ നിന്നും ഒരു സിക്സും രണ്ടു ഫോറുമടക്കം 17 റൺസെടുത്തു.

നേരത്തെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ചെന്നൈ നിരയിൽ ബ്രാവോയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ ലുങ്കി എൻഗിഡി ടീമിൽ ഇടംനേടി. കൊൽക്കത്ത നിരയിൽ ഹർഭജൻ സിങ്ങിന് പകരം കമലേഷ് നാഗർകോട്ടി ഇടംപിടിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...



Content Highlights: IPL 2021 Kolkata Knight Riders against Chennai Super Kings
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.