News

Get the latest news here

17 സീറ്റുകളില്‍ വിജയപ്രതീക്ഷ, തൃശ്ശൂരില്‍ തോല്‍വിക്ക് സാധ്യത; എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കും-സിപിഐ

തിരുവനന്തപുരം: 80 ൽ അധികം സീറ്റുകൾ നേടി എൽ.ഡി.എഫ്. വീണ്ടും അധികാരത്തിൽ എത്തുമെന്ന് സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തൽ. മത്സരിച്ചതിൽ 17 സീറ്റുകളിൽ വിജയിക്കുമെന്നും യോഗം കണക്കാക്കുന്നു.

തിരഞ്ഞെടുപ്പിന് ശേഷം ഇന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചേരുന്നത്. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിൽനിന്നുമുള്ള കണക്കുകൾ എക്സിക്യൂട്ടീവ് യോഗം പരിശോധിച്ചു. അതത് ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തലുകളാണ് ഇന്ന് എക്സിക്യൂട്ടീവ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൺപതിൽ അധികം സീറ്റുകൾ നേടി എൽ.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിക്യൂട്ടീവ് വിലയിരുത്തിയത്.

അപ്രതീക്ഷിതമായി ചില സീറ്റുകളിൽ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുകളിലാണ് സി.പി.ഐക്ക് വിജയിക്കാനായത്. ഇത്തവണ 17 സീറ്റുകളിൽ വിജയിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. തൃശ്ശൂർ സീറ്റിലെ മത്സരം കടുത്തതാണെന്നും തോൽവിക്ക് സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലും സി.പി.ഐക്കുണ്ട്. യു.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലമാണ് തൃശ്ശൂർ. എന്നാൽ കഴിഞ്ഞ തവണ വി.എസ്. സുനിൽകുമാറിന് മണ്ഡലം പിടിച്ചെടുക്കാനായി. ഇത്തവണ പി. ബാലചന്ദ്രനാണ് സി.പി.ഐ. സ്ഥാനാർഥി. യു.ഡി.എഫിനു വേണ്ടി പത്മജാ വേണുഗോപാലും എൻ.ഡി.എയ്ക്കു വേണ്ടി സുരേഷ് ഗോപിയുമാണ് മത്സരിച്ചത്.

മലപ്പുറത്തെ തിരൂരങ്ങാടിയിൽ സി.പി.ഐ. അട്ടിമറി വിജയം നേടുമെന്നും എക്സിക്യൂട്ടീവ് വിലയിരുത്തുന്നു. നിയാസ് പുളിക്കലകത്താണ് മണ്ഡലത്തിലെ സ്ഥാനാർഥി. കെ.പി.എ. മജീദ് യു.ഡി.എഫിനു വേണ്ടിയും കള്ളിയത്ത് സത്താർ ഹാജി എൻ.ഡി.എയ്ക്കു വേണ്ടിയും മത്സരിക്കുന്നു. കരുനാഗപ്പള്ളിയിൽ മത്സരം കടുത്തതാണെങ്കിലും മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്നും സി.പി.ഐ. വിലയിരുത്തുന്നു.

content highlights:will win 17 seats, ldf will get second term-cpi executive
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.