By
Admin
/
Apr 26, 2021 //
Editor's Pick /
ഫെയ്‌സ്ബുക്കിന് ആദ്യ ഓസ്‌ക്കര്‍
അങ്ങനെ സോഷ്യൽ മീഡിയ ഭീമൻ ഫെയ്സ്ബുക്കും ഓസ്ക്കർ പുരസ്കാരപട്ടികയിൽ ഇടം നേടി. മികച്ച ഷോർട്ട് ഡോക്യുമന്ററിക്കുള്ള പുരസ്കാരം നേടിയ കോളെറ്റ് വഴിയാണ് ഫെയ്സ്ബുക്കും ചരിത്രത്തിൽ ആദ്യമായി അക്കാദമി അവാർഡ്തിളക്കത്തിന്റെ വെളളിവെളിച്ചത്തിൽ എത്തിയത്.
ഫെയ്സ്ബുക്കിന്റെ വർച്വൽ റിയാലിറ്റി ഗ്രൂപ്പായ ഒക്കുലസിലൂടെയും സംപ്രേഷണം ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗെയിമിങ്ങും ചരിത്രവും കോർത്തിണക്കി ഒരുക്കിയ വിആർ വീഡിയോ ഗെയിം മെഡൽ ഓഫ് ഓണർ: എബവ് ആൻഡ് ബിയോണ്ടിന്റെ ഭാഗമായാണ് ഈ ഹ്രസ്വ ഡോക്യുമെന്ററി ഒക്കുലസിൽ ഇടം നേടിയത്. നിരവധി ഹ്രസ്വചിത്രങ്ങൾ ചേർത്ത് ഒരുക്കിയ മെഡൽ ഓഫ് ഓണറിലെ ഒരു ഹ്രസ്വചിത്രം മാത്രമാണ് കൊളെറ്റ്. അങ്ങനെ ഒരു വീഡിയോ ഗെയിം കമ്പനിക്ക് കിട്ടുന്ന ആദ്യ ഓസ്ക്കർ കൂടിയായി ഇത്.
ഗാർഡിയൻ പത്രത്തിനായിരുന്നു ചിത്രത്തിന്റെ വിതരണാവകാശം. ഗാർഡിയന്റെ വെബ്സൈറ്റിലൂടെയും അവരുടെ യൂട്യൂബ് ചാനലിലൂടെയും കൊളെറ്റ് സംപ്രേഷണം ചെയ്തത്. ഇതിന് പുറമെയാണ് ഒക്കുലസിലെ വീഡിയോ ഗെയിമിന്റെ ഭാഗമായത്.
നാസി ജർമനിയുടെ അധിനിവേശത്തിനെതിരായ ഫ്രാൻസിന്റെ പോരാട്ടത്തിൽ പങ്കാളിയായിരുന്ന കൊളെറ്റ് മാരിൻ കാതറിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഹ്രസ്വചിത്രമാണ് കൊളെറ്റ്. എഴുപത്തിനാല് വർഷത്തിനുശേഷം കൊളെറ്റ് ജർമനി സന്ദർശിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ചരിത്രവിദ്യാർഥിയുടെ നിർബന്ധപ്രകാരം, തന്റെ സഹോദരൻ കൊല്ലപ്പെട്ട നാസി കോൺസെൻട്രേഷൻ ക്യാമ്പ് സന്ദർശിക്കാനാണ് കൊളെറ്റ് ജർമനിയിലെത്തുന്നത്. ആന്തണി ജിയോഷിനോയാണ് 25 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെയ്തത്.
Content Highlights:Facebook Gets First Oscar award for 'Colette' Documentary Short film Oculus VR Game
Related News
Comments