News

Get the latest news here

രണ്ട് വയസ്സുകാരനെ പിതാവ് 18 ലക്ഷം രൂപയ്ക്ക് വിറ്റു; ശേഷം രണ്ടാം ഭാര്യയുമായി ഉല്ലാസയാത്ര

ബെയ്ജിങ്: രണ്ട് വയസ്സുള്ള മകനെ 18 ലക്ഷം രൂപയ്ക്ക് വിറ്റയാൾ പിടിയിൽ. ചൈനയിലെ ഷെജിയാങിലാണ് സംഭവം. ഷീ എന്ന് വിളിക്കുന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ഷെജിയാങ് ലീഗൽ ഡെയ്ലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടിയെ വിറ്റതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇയാൾ രണ്ടാം ഭാര്യയുമായി രാജ്യത്തുടനീളം ഉല്ലാസയാത്ര നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ആദ്യഭാര്യയുമായി ബന്ധം വേർപിരിഞ്ഞ ഷീയ്ക്കായിരുന്നു മകന്റെ സംരക്ഷണ ചുമതല. ഈ ബന്ധത്തിലുള്ള മകൾ ആദ്യഭാര്യയുടെ സംരക്ഷണയിലുമാണ്. എന്നാൽ ജോലിയാവശ്യാർഥം മറ്റൊരിടത്തേക്ക് പോകേണ്ടതിനാൽ ഷീ മകന്റെ സംരക്ഷണം സഹോദരനെ ഏൽപ്പിച്ചു. മാത്രമല്ല, മകനെച്ചൊല്ലി ഷീയും രണ്ടാം ഭാര്യയും തമ്മിൽ വഴക്കും പതിവായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ മാസം സഹോദരന്റെ വീട്ടിലെത്തി ഇയാൾ മകനെ കൊണ്ടുപോയത്. മകനെ കാണണമെന്ന് ആദ്യഭാര്യ ആവശ്യപ്പെട്ടെന്നും അതിനാൽ കൊണ്ടുപോവുകയാണെന്നുമാണ് സഹോദരനോട് പറഞ്ഞത്. പിന്നീട് സഹോദരൻ നടത്തിയ അന്വേഷണത്തിൽ കുട്ടി മാതാവിന്റെ വീട്ടിലെത്തിയില്ലെന്ന് മനസിലായി. ഇതോടെ സഹോദരൻ പോലീസിനെ സമീപിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷീ മക്കളില്ലാത്ത ദമ്പതിമാർക്ക് മകനെ വിറ്റതായി കണ്ടെത്തിയത്. ഷിയാങ്സു പ്രവിശ്യയിൽ താമസിക്കുന്ന ദമ്പതിമാർക്ക് 1,58,000 യുവാനാണ്(ഏകദേശം 18 ലക്ഷം രൂപ) മകനെ വിറ്റത്. ഈ പണം കൊണ്ട് ഷീ രണ്ടാം ഭാര്യയുമായി രാജ്യത്തെ വിവിധയിടങ്ങളിൽ ഉല്ലാസയാത്ര നടത്തിയെന്നും പോലീസ് കണ്ടെത്തി. പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടു വയസ്സുകാരനെ ഷിയാങ്സുവിലെ ദമ്പതിമാരുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തുകയും ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. ഷീയും ഭാര്യയും നിലവിൽ നിയമനടപടികൾ നേരിട്ടു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടയാൾ നവജാതശിശുവിനെ 17 ലക്ഷം രൂപയ്ക്ക് മറ്റൊരാൾക്ക് വിറ്റ സംഭവം അടുത്തിടെചൈനയിൽനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. 2016-ൽ പുതിയ ഐ ഫോണും മോട്ടോർബൈക്കും വാങ്ങാനായി ഒരാൾ തന്റെ മകളെ വിറ്റ സംഭവവും ചൈനയിലുണ്ടായി.

Content Highlights: man sold his son for 18 lakhs in china
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.