News

Get the latest news here

പൊള്ളുന്ന ഇന്ധനവില, യാത്രക്കാരില്ലാത്ത സീറ്റുകള്‍; ബസോട്ടത്തിന് ബ്രേക്കിട്ട് വീണ്ടും കോവിഡ്

ഓരോ ദിവസവും ശക്തിപ്പെടുന്ന കോവിഡ് നിയന്ത്രണങ്ങൾ... അടച്ചിടലിന്റെ നഷ്ടത്തിൽനിന്ന് കരകയറുന്ന സ്വകാര്യ ബസുകൾക്ക് വീണ്ടും പൂട്ടിടുകയാണ് കോവിഡിന്റെ രണ്ടാംതരംഗം. കോവിഡ് വ്യാപനഭീതിയിൽ ആളുകൾ ബസ്സിൽ കയറാൻ മടിക്കുന്നതോടെ, പ്രതിസന്ധിയിലായിരിക്കുകയാണ് ബസ് വ്യവസായം. മതിയായ വരുമാനവുമില്ലാതായതോടെ നഷ്ടത്തിലാകുന്ന ബസ്സുകളിൽ പലതും ഷെഡ്ഡുകളിൽ കയറിത്തുടങ്ങി.

നിരത്തൊഴിഞ്ഞത് നാലായിരത്തോളം ബസ്സുകൾ

കഴിഞ്ഞവർഷം കോവിഡ് വരുന്നതിനുമുമ്പുവരെ സംസ്ഥാനത്ത് 12,600 സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങിയിരുന്നു. എന്നാൽ, നിലവിൽ 8000-ത്തോളം ബസ്സുകൾ മാത്രമാണ് ഓടുന്നത്. കോവിഡ് പ്രതിസന്ധികൾമൂലം ഒരുവർഷത്തിനകം 4000 ത്തോളം ബസുകളാണ് സർവീസ് നിർത്തിയതെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.

അടച്ചിടലിന് ശേഷം 80 ശതമാനത്തോളം ബസുകൾ ഓടി തുടങ്ങിയിരുന്നതാണ്. എന്നാൽ, കോവിഡിന്റെ രണ്ടാംതരംഗത്തിൽ രോഗഭീതി കൂടുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തത് തിരിച്ചടിയായി. സീറ്റുകളിൽ ഒരാളെമാത്രമേ ഇരുത്താവൂ. കൺടെയിൻമെന്റ് സോണുകളിൽ ആളുകളെ കയറ്റരുത് തുടങ്ങിയ നിർദേശങ്ങൾ വരുമാനത്തെ ബാധിച്ചു. ലോക്ഡൗണിന് സമാനമായ ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും വരുമാനം മുടങ്ങിയതും, അല്ലാത്തദിവസങ്ങളിൽ സർവീസ് സമയം കുറഞ്ഞതും തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.

താങ്ങാനാവാത്ത ചെലവ്

പ്രതിദിനം 800-1200 വരെ യാത്രക്കാർ കയറിയിരുന്ന ബസ്സുകളിൽ, നിലവിൽ 300 യാത്രക്കാർ പോലുമില്ല. വരുമാനം നാലിലൊന്നായി കുറഞ്ഞിരിക്കുമ്പോഴും, ഇന്ധനവില, നികുതി, ഇൻഷുറൻസ് തുടങ്ങിയവയ്ക്ക് പണം നൽകേണ്ടിവരുന്നുണ്ടെന്ന് ബസുടമകൾ പറയുന്നു.
മൂന്നുമാസത്തിലൊരിക്കൽ 4000 രൂപ നികുതിയായി അടയ്ക്കണം. ഒരുവർഷത്തിൽ 70,000 മുതൽ ഒരുലക്ഷം രൂപവരെ ഇൻഷുറൻസും അടയ്ക്കേണ്ടതുണ്ട്.

അടച്ചിടൽകാലത്ത് ബസുടമകൾക്കുണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ 2020 ഏപ്രിൽ മുതൽ 2021 മാർച്ച് 31 വരെ നികുതി ഒഴിവാക്കിയത് ആശ്വാസമായിരുന്നു. എന്നാൽ അടച്ചിടലിനുശേഷം ബസ്സുകൾ ഓടിത്തുടങ്ങിയതിനാൽ മേയ് 15-നകം വീണ്ടും നികുതി അടയ്ക്കേണ്ട സ്ഥിതിയാണ്. എന്നാൽ വരുമാനമില്ല. ബസ്സുകൾ നഷ്ടത്തിലാണെന്ന് അറിയിക്കാൻ സർക്കാരിന് ജി ഫോം നൽകുകയും, സർവീസുകൾ നിർത്തിവെക്കുകയും ചെയ്യാനാണ് ബസ്സുടമകളും ആലോചിക്കുന്നത്.

വഴിമുട്ടി ജീവിതം

ബസ് ഡ്രൈവർ, കണ്ടക്ടർ, ബസ് ഉടമ എന്നിങ്ങനെ മൂന്നുപേരുടെ കുടുംബങ്ങൾക്കെങ്കിലും സ്ഥിരവരുമാനം ഉറപ്പാക്കുന്നതാണ് ബസ് വ്യവസായം. ഇതിനുപുറമേ, ക്ലീനർ, വർക്ഷോപ്പ് ജീവനക്കാർ, പെയിന്റിങ് തൊഴിലാളികൾ തുടങ്ങി വലിയൊരുവിഭാഗം സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഏകദേശം രണ്ടുലക്ഷത്തിലേറെ പേർ ഇങ്ങനെയുണ്ടെന്നാണ് ബസ്സുടമകൾ പറയുന്നത്.

തുടർച്ചയായ നഷ്ടക്കണക്കിൽ, ബസ്സുകൾ സർവീസ് നിർത്തുന്നതോടെ ഇവരുടെ ജീവിതവും വഴിമുട്ടുന്ന സ്ഥിതിയാണ്. ബസ്സുകൾ ഷെഡ്ഡുകളിൽ നിർത്തിയിട്ട് പലരും മറ്റ് ജോലികളിലേക്ക് തിരിഞ്ഞുതുടങ്ങി. നിർത്തിയിട്ട ബസ്സുകളിൽ പലതും തുരുമ്പെടുത്തുതുടങ്ങിയെന്നും അറ്റകുറ്റപ്പണികൾ നടത്താൻ പണമില്ലാത്തതിനാൽ ഇനി ബസ് വ്യവസായത്തിലേക്ക് ഇല്ലെന്നാണ് പലരും പറയുന്നത്.

Content Highlights;Covid Seconf Wave, Diesel Price Hike; Private Bus Sector Facing Heavy Crisis
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.