News

Get the latest news here

മനുഷ്യസ്‌നേഹിയായ മഹാചാര്യൻ

പലരെക്കുറിച്ചും ആലങ്കാരികമായി പറയുന്ന ഒരു വിശേഷണം-അതികായൻ-അക്ഷരാർത്ഥത്തിൽത്തന്നെ ആർക്കെങ്കിലും അനുയോജ്യമാകുമെങ്കിൽ അത് ക്രിസോസ്റ്റം തിരുമേനിക്കാണ്. ആറടിയിലധികം ഉയരം, ആകാര പ്രൗഢിക്കൊത്ത ശബ്ദഗാംഭീര്യം, ആരുടെയും അധികാരശക്തിയെ അനായാസം നിഷ്പ്രഭമാക്കുന്ന ആത്മീയശുദ്ധി, ഏതു മഹാസദസ്സിനെയും നിമിഷനേരംകൊണ്ട് മായാവലയത്തിലാക്കുന്ന വാക്വൈഭവം, ആത്മീയതയെപ്പോലും ആസ്വാദ്യകലയാക്കുന്ന ആർജ്ജവം, ഭക്തിയോഗത്തിലും നർമ്മബോധം, പ്രഭാഷണങ്ങളിൽ പ്രസാദാത്മകത, വാദമുഖങ്ങൾക്കെപ്പോഴും അനന്യമായ യുക്തിഭദ്രത, സ്വന്തം വിശ്വാസമുയർത്തിപ്പിടിക്കുമ്പോഴും അന്യവിശ്വാസങ്ങളോടാദരവ്, വാക്കിലും വഴിനടപ്പിലും സ്വന്തമായ ആത്മഗൗരവം, വ്യക്തിബന്ധങ്ങളിൽ ദാർഢ്യം, ആരോടും പകയില്ലായ്മ, സർവരോടും സൗഹൃദം, വലിയ മെത്രാപ്പോലീത്തയായപ്പോഴും മനോഗുണങ്ങൾക്ക് മാറ്റംവരുത്താത്ത മനസ്സ്-മാർ ക്രിസോസ്റ്റത്തെക്കുറിച്ച് എല്ലാം പറയണമെങ്കിൽ ഭാഷയിൽ വാക്കുകൾ ഇനിയും വേണം.

തിരുമേനിയെ കാണുന്നത് ആനന്ദം, കേൾക്കുന്നത് വിദ്യാഭ്യാസം, സംസാരിക്കുന്നതാശ്വാസം, യാത്ര ചെയ്യുന്നതോ അവിസ്മരണീയാനുഭവവും.കാപട്യങ്ങളില്ല, വർണവൈവിദ്ധ്യമുള്ള സംന്യാസ വസ്ത്രധാരണത്തിലൂടെപ്പോലും ആഡംഭരപ്രിയരെ കണക്കിനുകളിയാക്കിയ തിരുമേനി താൻ ധരിക്കുന്ന കുരിശിലും മാലയിലുംപോലും ഒരു ക്രിസോസ്റ്റം ടച്ച് കാണിക്കുന്നതിലും നർമ്മം കണ്ടു. ലോകത്തെയും ജീവിതത്തെയും പ്രസന്നമായിക്കാണുന്നതിലായിരുന്നു തിരുമേനിക്ക് താത്പര്യം. ശാസ്ത്രനേട്ടങ്ങൾ മെത്രാപ്പോലീത്തയെ സന്തോഷിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിത തത്ത്വശാസ്ത്രത്തെപ്പോലും അത് സ്വാധീനിച്ചുവെന്നതാണ് സത്യം.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്ത കടുത്ത സമ്മർദ്ദങ്ങളുണ്ടായിട്ടും കാറും മുറിയും എയർകണ്ടീഷൻ ചെയ്യാൻ വിസമ്മതിച്ചപ്പോൾ എയർകണ്ടീഷൻ സംവിധാനം ശാസ്ത്രത്തിലൂടെ ദൈവം സമൂഹത്തിന് നൽകിയ സമ്മാനമാണെന്നും അത് നിരസിക്കുന്നത് ദൈവനിന്ദയാണെന്നുമായിരുന്നു മാർ ക്രിസോസ്റ്റത്തിന്റെ നിലപാട്!

മെത്രാപ്പോലീത്തയുടെ കുർബ്ബാനയും പ്രാർത്ഥനകളും തിരുമേനിയുടെ പ്രസംഗങ്ങൾപോലെതന്നെ ആകർഷകമായിരുന്നു. നർമ്മകഥകൾകൊണ്ട് പ്രസംഗങ്ങൾ അദ്ദേഹം ആസ്വാദ്യകരമാക്കി. ശ്രോതാക്കളുമായി അയത്നലളിതമായിട്ടാണ് തിരുമേനി സംവദിച്ചത്. ചുറ്റുപാടുകളിൽനിന്ന് അപ്പപ്പോൾ എടുക്കുന്നവയായിരുന്നു തിരുമേനിയുടെ നർമ്മം. തന്റെ പ്രഭാഷണങ്ങളുടെ മർമ്മവും തിരുമേനിയുടെ ഈ നർമ്മംതന്നെയായിരുന്നുവെന്ന് തോന്നുന്നു. ആരെയും ഒട്ടും മുറിപ്പെടുത്താതെതന്നെ കാര്യങ്ങൾ പറയാൻ കഴിഞ്ഞ തിരുമേനിക്ക് ആരുടെ മുന്നിലും അപ്രിയ സത്യങ്ങൾ പറയാനും മടിയുണ്ടായിരുന്നില്ല.കണ്ണൂരും തലശ്ശേരിയിലും തീവ്രമായ മാർക്സിസ്റ്റ്-ആർ.എസ്.എസ്. സംഘട്ടനങ്ങളുണ്ടായപ്പോൾ തിരുവല്ലയിൽ നിന്ന് അവിടെയെത്തി ആളുകളെ ആശ്വസിപ്പിക്കാനും കക്ഷിവ്യത്യാസം നോക്കാതെ അവരുടെ കണ്ണീരൊപ്പാനും അദ്ദേഹം സന്നദ്ധത കാട്ടി. ശിഷ്യരുടെ മുന്നിൽവച്ച് വധിക്കപ്പെട്ട അധ്യാപകന്റെ വീട്ടിൽചെന്ന തിരുമേനി ഒരു ശിശുവിനെപ്പോലെയാണ് പൊട്ടിക്കരഞ്ഞത്. ഗാന്ധിഭക്തനായ തിരുമേനിയെ ഹിംസ ഏതുരൂപത്തിലും ആഴമായി മുറിപ്പെടുത്തിയിരുന്നു.

മാർ ക്രിസോസ്റ്റം ഒരുപ്രതിഭാസമായിരുന്നുവെന്നതാണ് വാസ്തവം. അനനുകരണീയമായ വ്യക്തിത്വവും ഭക്തിയും യുക്തിയും കർമ്മവും നർമ്മവും പാണ്ഡിത്യവും പ്രതിഭയും ഇതുപോലെ സമന്വയിപ്പിക്കാൻ കഴിഞ്ഞ മറ്റൊരു മേലധ്യക്ഷൻ അടുത്തകാലത്തൊന്നും ക്രൈസ്തവസഭയിൽ വേറെ ഉണ്ടായിട്ടില്ലതന്നെ. മനുഷ്യസ്നേഹമായിരുന്നു മാർ ക്രിസോസ്റ്റത്തിന്റെ മുഖമുദ്ര. ധർമ്മിഷ്ഠനെന്നായിരുന്നല്ലോ തിരുമേനിയുടെ അപരനാമവും. ാര്യനായിരുന്നു മാർ ക്രിസോസ്റ്റം. ആംഗലകവി പാടിയതു സത്യം- അദ്ദേഹത്തോടൊപ്പം ജീവിച്ചതുതന്നെ ഭാഗ്യം. അന്ന് ചെറുപ്പമായിരുന്നുവെന്നതോ സ്വർഗ്ഗവും.

Content Highlight: Philipose Mar Chrysostom Mar Thoma


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.