News

Get the latest news here

എൽ.ഡി.എഫിന് വിമതസ്വരമുയർന്നിടങ്ങളിലെല്ലാം വിജയതരംഗം



പൊന്നാനി: തിരഞ്ഞെടുപ്പിന് കേളികൊട്ടുയർന്നപ്പോൾ വിമതസ്വരങ്ങൾ ഉയർന്നുവന്ന മണ്ഡലങ്ങളിലെല്ലാം ആഞ്ഞടിച്ചത് ഇടത് വിജയതരംഗം.കുറ്റ്യാടിയുൾപ്പെടെ ചിലയിടങ്ങളിൽ പ്രതിഷേധത്തെത്തുടർന്ന് സി.പി.എം. തിരുത്തലുകൾക്ക് തയ്യാറായിരുന്നെങ്കിലും പൊന്നാനിയുൾപ്പെടെ പലയിടത്തും തീരുമാനവുമായി പാർട്ടി മുന്നോട്ടുപോവുകയാണുണ്ടായത്. കുറ്റ്യാടിയിൽ 333 വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പി. കുഞ്ഞമ്മദ്കുട്ടിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ ഇടതുമുന്നണിക്കായി. കേരളകോൺഗ്രസ് എമ്മിനാണ് ആദ്യം സീറ്റ് നൽകിയത്.പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെ മാറ്റിനിർത്തിയശേഷം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖിനെ തഴഞ്ഞപ്പോഴും പ്രവർത്തകർ പരസ്യമായി തെരുവിലിറങ്ങി. പക്ഷേ, എതിർപ്പുകളെ സി.പി.എം. പാടേ തള്ളി. പി. ശ്രീരാമകൃഷ്ണൻ കഴിഞ്ഞതവണ നേടിയത് 15,640 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കിൽ പി. നന്ദകുമാർ ജയിച്ചത് 17,043 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.കളമശ്ശേരിയിൽ പി. രാജീവിനെ സ്ഥാനാർഥിയാക്കിയപ്പോൾ സി.ഐ.ടി.യു. നേതാവ് കെ. ചന്ദ്രൻപിള്ളയ്ക്ക് അനുകൂലമായി പോസ്റ്ററുകൾ ഇറങ്ങിയിരുന്നു. കഴിഞ്ഞതവണ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ 12,118 വോട്ടിന്റെ ഭൂരിപക്ഷം മറികടന്ന് 15,336 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പി. രാജീവ് മണ്ഡലം തിരിച്ചുപിടിച്ചത്.മന്ത്രി ജി. സുധാകരന് സീറ്റ് നിഷേധിക്കപ്പെട്ടതിനാൽ അമ്പലപ്പുഴയിലും പ്രതിഷേധമുയർന്നു. എന്നാൽ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം എച്ച്. സലാം ഇവിടെനിന്ന് വിജയിച്ചത് 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.കേരള കോൺഗ്രസിന് സീറ്റ് വിട്ടുനൽകിയതിന്റെപേരിൽ സി.പി.എമ്മിനകത്ത് അപസ്വരങ്ങൾ ഉയർന്ന റാന്നിയിലും ഇടതുമുന്നണി വിജയം നേടി. കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി പ്രമോദ് നാരായണൻ 1285 വോട്ടുകൾക്കാണ് ഇവിടെനിന്ന് വിജയിച്ചത്.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.