News

Get the latest news here

കുഞ്ഞാലിക്കുട്ടിക്ക് തങ്ങൾമാരുടെ തല്ലും തലോടലും



മലപ്പുറം: യു.ഡി.എഫിനുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ശക്തമായ വിമർശനമുയരുമ്പോൾ പാണക്കാട്ടുനിന്ന് സമ്മിശ്ര പ്രതികരണം. മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് മത്സരിച്ചത് മുന്നണിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന രീതിയിലാണ് പാർട്ടിപ്രവർത്തകരിൽനിന്നുപോലും വിമർശനങ്ങളും പരിഹാസ ട്രോളുകളും ഉണ്ടായത്. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗിന്റെ ആത്മീയ ആസ്ഥാനമായ പാണക്കാട് തറവാട്ടിൽനിന്നുള്ള അഭിപ്രായങ്ങൾ ചർച്ചയാവുന്നത്.യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിയെ പിന്താങ്ങി രംഗത്തെത്തിയപ്പോൾ ദേശീയ വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുയീനലി ശിഹാബ് തങ്ങൾ ഒരിക്കൽക്കൂടി വിമർശനവുമായി വന്നു. ലീഗിനും യു.ഡി.എഫിനുമുണ്ടായ ക്ഷീണത്തിന് കാരണം കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവല്ലെന്നാണ് മുനവറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് യു.ഡി.എഫ്. ക്യാമ്പുകളിൽ ആവേശമാണ് ഉണ്ടാക്കിയത്. പൊതുവിൽ കേരളത്തിലുണ്ടായ ഇടതുതരംഗത്തിന്റെ ഭാഗമായാണ് ഈയവസ്ഥ. മുസ്‌ലിം ലീഗിന് അധികാരമില്ലെങ്കിലും മികച്ച പ്രതിപക്ഷമായി പ്രവർത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വിഷയത്തിൽ താൻ നേരത്തേ പറഞ്ഞത് ശരിയായെന്നാണ് മുയീനലി ശിഹാബ് തങ്ങൾ പറഞ്ഞത്. അന്ന് കുഞ്ഞാലിക്കുട്ടിയുടെ ചാഞ്ചാട്ടത്തെ വിമർശിച്ചപ്പോൾ പലരും എന്നെ കുറ്റപ്പെടുത്തി. എന്നാൽ ഇപ്പോൾ അവരെല്ലാം അഭിനന്ദിക്കുകയാണ്. അന്നുതന്നെ ഇതിന് പരിഹാരം കണ്ടിരുന്നെങ്കിൽ ഈയവസ്ഥ ഒഴിവാക്കാനാവുമായിരുന്നുവെന്നും മുയീനലി പറഞ്ഞു. പാർട്ടി നിർദേശപ്രകാരമാണോ അദ്ദേഹത്തിന്റെ തിരിച്ചുവരവെന്ന ചോദ്യത്തിന്, ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെ അത് പാർട്ടി തീരുമാനമായി മാറുമെന്നും എന്നാൽ ആ തീരുമാനത്തിൽ കുഞ്ഞാലിക്കുട്ടിക്ക് വലിയ പങ്കുണ്ടെന്നുമായിരുന്നു മറുപടി. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ചാണക്യനാണ്. ലീഗിനെയും യു.ഡി.എഫിനെയും ഇനിയും മുന്നോട്ടുനയിക്കാൻ അദ്ദേഹത്തിനാവുമെന്നും മുയീനലി അഭിപ്രായപ്പെട്ടു.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.